Sorry, you need to enable JavaScript to visit this website.

വിമാന കമ്പനികള്‍ അയയുന്നു, സൗദിയിലേക്ക് പുതിയ വിസക്കാരെ കൊണ്ടുപോകും

കൊണ്ടോട്ടി- സൗദി അറേബ്യയിലേക്ക് പുതിയ വിസക്കാരെ കൊണ്ടുപോകുന്നകാര്യത്തില്‍ വിമാന കമ്പനികള്‍ അയയുന്നു. ഉംറ വിസക്കാര്‍ക്കും കൊറോണ ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ വിലക്കിനു പിന്നാലെയാണ് പുതിയ  തൊഴില്‍വിസക്കാരേയും ഫാമിലി വിസിറ്റ് വിസക്കാരേയും വിമാനക്കമ്പനികള്‍ പ്രതിസന്ധിയിലാക്കിയത്. ഇങ്ങനെയുള്ള യാത്രക്കാര്‍ ടിക്കറ്റുകള്‍ റദ്ദാക്കി സൗദി എയര്‍ലൈന്‍സിന് ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതമായിരുന്നു.
ഇന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഉള്‍പ്പടെയുളള വിമാന കമ്പനികള്‍ മറ്റു വിസക്കാരേയും കൊണ്ടുപോയി. എന്നാല്‍ ഒമാന്‍ എയര്‍ വിമാനത്തില്‍ ഫാമിലി വിസിറ്റ്, എംപ്ലോയ്മെന്റ് വിസിറ്റ്,ബിസ്‌നസ് വിസിറ്റ് എന്നിവക്കെല്ലാം വിലക്ക് തുടരുകയാണെന്ന് യാത്രക്കാര്‍ പറയുന്നു.

അതിനിടെ സ്‌പൈസ് ജെറ്റ് ഉള്‍പ്പടെയുളള വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതും സൗദി എയര്‍ലെന്‍സ് സര്‍വീസ് വെട്ടിക്കുറച്ചതും മൂലം നേരത്തെ ഉംറ നിര്‍വഹിക്കാനായി സൗദിയില്‍ എത്തിയവരുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്.

ഉംറ വിസകള്‍ക്ക് സൗദി ഏര്‍പ്പെടുത്തിയ നിയന്ത്രണം ട്രാവല്‍ ഗ്രൂപ്പ് മേഖലയില്‍ കടുത്ത ആഘാതമായി. യാത്ര തടസ്സപ്പെട്ട സാഹചര്യത്തില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയതവര്‍ക്ക് തുക റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ വിവിധ വിമാന കമ്പനികള്‍ക്ക് നിവേദനം നല്‍കിയിരുന്നു. ടിക്കറ്റ് തുക തിരിച്ച് നല്‍കുന്നതില്‍ വിമാന കമ്പനികള്‍ അനുകൂല നിലപാട് സ്വീകരിച്ചു വരുന്നതായി ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ഉംറ വെല്‍ഫയര്‍ ഫോറം സെക്രട്ടറി യാസര്‍ മുണ്ടോടന്‍ പറഞ്ഞു.
               

 

 

Latest News