ഹൈദരാബാദ്- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അദ്ദേഹത്തിന്‍റെ അമ്മയ്ക്കും ജനന സർട്ടിഫിക്കറ്റ് ഉണ്ടാകാനിടയില്ലെന്നും ഭയപ്പെടുന്നതു പോലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി പി.മുരളീധർ റാവു.
സി.എ.എ മാത്രമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും പാർട്ടിയും സർക്കാരും എന്‍.പി.ആറിലും എന്‍.ആർ.സിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
സെന്‍റർ ഫോർ കള്‍ചറല്‍ റിസോഴ്സസ് ആന്‍റ് ട്രെയിനിംഗില്‍ സി.എ.എ സംബന്ധിച്ച തുറന്ന ചർച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിർന്ന പത്രപ്രവർത്തകനും എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്‍റുമായ ശേഖർ ഗുപ്തയായിരുന്നു മോഡറേറ്റർ.
സി.എ.എ നടപ്പാക്കാന്‍ മാത്രമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും തന്‍റെ പാർട്ടി പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും അനുകുലമാണെങ്കിലും സർക്കാർ ഇപ്പോള്‍ അവ നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രപിതാക്കളുടെ ജനനതീയതി പോലും എന്‍.ആർ.സിക്ക് വേണ്ടിവരുമെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് മോഡിക്കും അമ്മയ്ക്കും ജനനസർട്ടിഫിക്കറ്റ് ഉണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചത്. എന്‍.ആർ.സി നടപ്പിലാക്കുമ്പോള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന എല്ലാ സംശയങ്ങളും പരിഹരിച്ചുകൊണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ആർസിയില്ലാതെ സി.എ.എ ചാന്ദ്രയാന്‍ ദൗത്യം പോലെ ആയിരിക്കുമെന്നും എന്‍.ആർ.സി ചേർക്കുമ്പോഴാണ് അത് ബാലിസ്റ്റിക് മിസൈല്‍ ആകുകയെന്നും മോഡറേറ്ററായിരുന്ന ശേഖർ ഗുപ്ത ചൂണ്ടിക്കാട്ടി. ഒറ്റ ഇന്ത്യക്കാരനേയും സി.എ.എ ബാധിക്കില്ലെന്നായിരുന്നു ഇതിന് ബി.ജെ.പി നേതാവിന്‍റെ മറുപടി.