Sorry, you need to enable JavaScript to visit this website.

തീ വിഴുങ്ങിയ ജീവിതങ്ങള്‍; ദല്‍ഹിയില്‍ സകലതും നഷ്ടമായവർ നിരവധി

ജാഫറാബാദില്‍ കടകള്‍ തുറന്നപ്പോള്‍ അർധസൈനികന്‍ കാവല്‍ നില്‍ക്കുന്നു.

ന്യൂദല്‍ഹി- അക്രമികള്‍ അഴിഞ്ഞാടിയ ദല്‍ഹി കലാപം പിന്നിട്ടപ്പോള്‍ സകലതും നഷ്ടമായവർ ഇനിയെന്ത് ചെയ്യുമെന്ന ചോദ്യവുമായി ഭാവിയിലേക്ക് തുറിച്ചു നോക്കുകയാണ്. ജീവിത മാർഗം അടഞ്ഞുപോയ അവർക്കുമുന്നില്‍ ഇരുട്ട് മാത്രമാണ്.

പോലീസ് നിഷ്ക്രിയമായതോടെ കലാപകാരികള്‍ തീയിട്ട് നശിപ്പിച്ചത് പലരുടേയും ജീവിതങ്ങളാണ്. പ്രതീക്ഷയോടെ ആരംഭിച്ച ചെറിയ ഷോപ്പുകളും പണിശാലകളും നഷ്ടമായവർ എങ്ങനെ ജീവിത മാർഗം തിരിച്ചുപിടിക്കുമെന്ന അന്വേഷണത്തിലാണ്. വീടുകളും വ്യപാര സ്ഥാപനങ്ങളും ആസൂത്രിതമായി കത്തിച്ചപ്പോള്‍ പല രേഖകളും നഷ്ടമായി. ഇവയില്ലാതെ ഇന്‍ഷുറന്‍സ് പോലും ലഭിക്കില്ല. സർക്കാർ നല്‍കുന്ന സഹായം എന്തിനു മതിയാകുമെന്നും ലക്ഷങ്ങളുടേയും കോടികളുടേയും നഷ്ടം സംഭവിച്ചവർ ചോദിക്കുന്നു.

വ്യാപരസ്ഥാപനങ്ങള്‍ തീയിട്ട് നശിപ്പിച്ച വടക്കുകിഴക്കന്‍ ദല്‍ഹയിലെ ഖജൂരിഖാസില്‍ വീടും ഷോപ്പും നഷ്ടമായ മുഖീമെന്ന മധ്യവയസ്കന്‍ ഒരു കോടി രൂപയാണ് തനിക്കുണ്ടായ നഷ്ടം കണക്കാക്കുന്നത്. വീടിനോടൊപ്പം ചേർന്നുള്ള ഫർണിച്ചർ ഷോപ്പാണ് നഷ്ടമായത്. സർക്കാർ സഹായം എന്തിനു മതിയാകുമെന്ന് മറ്റു പലരേയും പോലെ ഇദ്ദേഹവും ചോദിക്കുന്നു. അക്രമികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് വന്നതെന്നും അവരുടെ കൈയില്‍ പൂട്ടും ഷട്ടറും മുറിക്കാനുള്ള ആയുധങ്ങളെല്ലാം ഉണ്ടായിരുന്നുവെന്നും മുഖീം പറയുന്നു.

 

കൈയില്‍ കിട്ടിയ എന്തും ആയുധമായി മാറുന്ന കലാപങ്ങളില്‍ നിന്നു വ്യത്യസ്തമായി തോക്കുകള്‍ ഏറെ ഉപയോഗിക്കപ്പെട്ട അക്രമങ്ങള്‍ക്കാണ് ദല്‍ഹി സാക്ഷ്യം വഹിച്ചത്. വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ അക്രമികളായി എത്തിയ ബഹുഭൂരിപക്ഷം ആളുകളുടെയും ആയുധം തോക്കായിരുന്നു. കാലിയായ 500ല്‍ അധികം കാട്രിഡ്ജുകള്‍ ദല്‍ഹി പോലീസിന് കലാപബാധിത പ്രദേശത്ത് നിന്നു ലഭിച്ചു.


  .32 ബോര്‍, 9എംഎം, .315 ബോര്‍ പിസ്റ്റളുകളാണ് അക്രമികള്‍ ഉപയോഗിച്ചത്. നാടന്‍ നിര്‍മിത തോക്കുകള്‍ ആളുകള്‍ വളരെയധികം സംഭരിച്ചിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാരാണ് ദല്‍ഹിയിലേക്ക് തോക്കുകള്‍ കടത്തുന്നതെന്ന് പോലീസ് തന്നെ പറയുന്നു. രാജ്യത്ത് നടന്നിട്ടുള്ള ഹിന്ദു-മുസ്ലിം സംഘര്‍ഷത്തില്‍ ഇത്രയധികം തോക്കുകള്‍ ഉപയോഗിച്ച് അക്രമം നടക്കുന്നത് ആദ്യമാണെന്നും പോലീസ് വ്യക്തമാക്കി.


    ഇത്രയധികം ആളുകള്‍ക്ക് എങ്ങനെ തോക്കുകള്‍ ലഭ്യമായി എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. യുപി, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രാദേശികമായി നിര്‍മിച്ച തോക്കുകള്‍ ദല്‍ഹിയിലേക്ക് കടത്തിയത്. വടക്കുകിഴക്കന്‍ ദല്‍ഹിയിലും ഔട്ടര്‍ ദല്‍ഹിയിലുമാണ് കൂടുതല്‍ ആളുകള്‍ നിയമാനുസൃതമല്ലാത്ത തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളില്‍ ഉള്‍പ്പെട്ടവരാണ് വന്‍ തോതില്‍ തോക്കുകള്‍ ഇങ്ങനെ വാങ്ങിക്കൂട്ടിയിരിക്കുന്നത്.

ആത്മരക്ഷാര്‍ഥം വാങ്ങി സൂക്ഷിച്ചിരിക്കുന്നവരുമുണ്ട്. ദല്‍ഹി തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു അനധികൃത നിര്‍മാണ കേന്ദ്രം റെയ്ഡ് ചെയ്ത ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 3000 രൂപയ്ക്ക് ഇവിടെ നിന്ന് വാങ്ങുന്ന ഒരു തോക്ക് 10,000 മുതല്‍ 30,000 രൂപയ്ക്ക് വരെ ഇവര്‍ ദല്‍ഹിയില്‍ വിറ്റു എന്ന് സ്‌പെഷ്യല്‍ സെല്‍ ഡിസിപി പ്രമോദ് കുശ്വ പറഞ്ഞു.  60 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 30 പിസ്റ്റളുകളും ഒരു കാര്‍ബൈനും അറസ്റ്റിലായവരില്‍ നിന്നു പിടിച്ചെടുത്തു. മധ്യപ്രദേശിലെ ബാര്‍വാനിയില്‍ നിര്‍മിച്ചതായിരുന്നു 30 പിസ്റ്റളുകള്‍.

ഈ നാടന്‍ തോക്കുകളൊന്നും തന്നെ അത്ര കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നവയുമല്ല. ബിഹാറിലെ മുംഗേറില്‍ നിന്ന് ഒരു തോക്ക് വാങ്ങാന്‍ 7,000 മുതല്‍ 8000 രൂപ വരെയാകും. മധ്യപ്രദേശില്‍ നിന്നാണെങ്കില്‍ 4000 മുതല്‍ 6000 രൂപയ്ക്കു വരെ തോക്കുകള്‍ കിട്ടും. എന്നാല്‍, ഈ തോക്കുകള്‍ ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ വില്‍പന നടക്കുന്നത് 30,000 മുതല്‍ 40,000 രൂപയ്ക്ക് വരെയാണ്.

ഉത്തര്‍പ്രദേശ് പോലീസും ദല്‍ഹി പോലീസും സംയുക്തമായി റെയ്ഡുകളും മറ്റും നടത്തിയിട്ടും അതിര്‍ത്തി വഴി ദല്‍ഹിയിലേക്കുള്ള അനധികൃത തോക്കു കടത്തിന് തടയിടാന്‍ കഴിഞ്ഞിട്ടില്ല. ഓരോ തവണയും ഓരോ പുതിയ വിദ്യകളിലൂടെയാണ് സംഘങ്ങള്‍ അതിര്‍ത്തി വഴി തോക്ക് കടത്തുന്നത്. മധ്യപ്രദേശില്‍ നിന്നാണ് ഏറ്റവുമധികം തോക്കുകള്‍ എത്തുന്നത്. മധ്യപ്രദേശിലെ ധാര്‍, ഖാര്‍ഗാവോണ്‍, ഖാവന്‍ഡ എന്നീ പ്രദേശങ്ങളില്‍ വ്യാപകമായി തോക്കുകള്‍ നിര്‍മിക്കുന്നത്. എന്നാല്‍, ബിഹാറിലെ മുംഗേറില്‍ നിന്നെത്തുന്ന തോക്കുകള്‍ക്കാണ് ദല്‍ഹിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. സിക്കില്‍ഗാര്‍ എന്ന സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തോക്കുകള്‍ നിര്‍മിക്കുന്നത്.
 

മധ്യപ്രദേശില്‍ നിന്ന് സെമി ഓട്ടോമാറ്റിക് തോക്കുകള്‍ എത്തുമ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഒറ്റത്തവണ മാത്രം വെടിയുതിര്‍ക്കാവുന്ന തനി നാടന്‍ തോക്കുകള്‍ എത്തുന്നത്. തിരകള്‍ എളുപ്പത്തില്‍ വാങ്ങാന്‍ ലഭിക്കുമെന്നതിനാല്‍ .315 സിംഗിള്‍ ഷോട്ട് പിസ്റ്റളിനും .32 ബോര്‍ പിസ്റ്റളിനുമാണ് ആവശ്യക്കാര്‍ കൂടുതല്‍. റെയില്‍വേ യാര്‍ഡില്‍ നിന്നും മോഷ്ടിക്കുന്ന ഉരുക്കു ഭാഗങ്ങള്‍ ഉപയോഗിച്ചാണ് മുംഗേറില്‍ ഉറപ്പുള്ള തോക്കുകള്‍ ഉണ്ടാക്കുന്നത്.  മുംഗേറിലെ ലോഹം ഉരുക്കാനുള്ള ചൂളകളിലെ ഉയര്‍ന്ന ചൂടാണ് തോക്കുകളെ കൂടുതല്‍ ഉറപ്പുള്ളതാക്കി മാറ്റുന്നത്.

 

Latest News