Sorry, you need to enable JavaScript to visit this website.

ഉപ്പയോട് നൂറുതവണ പറഞ്ഞതാണ്, ഇനിയെനിക്കാരുമില്ല

ന്യൂദല്‍ഹി- ദല്‍ഹിയില്‍ വെള്ളിയാഴ്ച പേരും മതവും ചോദിച്ച് കൊലപ്പെടുത്താന്‍ അക്രമികള്‍ക്ക് കിട്ടിയത് ആക്രി പെറുക്കി ജീവിക്കുന്ന ഒരു സാധാരണക്കാരനെ ആയിരുന്നു.

ലോണിയിലെ നസ്ബന്ദി കോളനിയില്‍ താമസിക്കുന്ന അയ്യൂബ് ശബ്ബിര്‍. അദ്ദേഹത്തെ ഓര്‍ത്ത് വിലപിക്കുകയാണ് അംഗപരിമിതിയുള്ള 18 കാരന്‍ മകന്‍ സല്‍മാന്‍ അന്‍സാരി. അവന് ഇനിയാരുമില്ല. ഉമ്മയും ഒരു അനിയനും നേരത്തെ പോയി.

രാവിലെ ആക്രി ശേഖരിക്കാന്‍ പോയ അയ്യൂബ് ശബ്ബിറിനെ അധികം വൈകാതെ തന്നെ തലക്കേറ്റ പരിക്കുകളോടെ രണ്ടു പേര്‍ വീട്ടിലെത്തിക്കുകയായിരുന്നു. രക്തമൊലിക്കുന്ന നിലയില്‍ വഴിയരികില്‍ കണ്ടെത്തിയതായിരുന്നു അവര്‍. അധികം വൈകാതെ ആശുപത്രയില്‍ വെച്ച് മരിക്കുകയും ചെയ്തു.

കലാപത്തിനുശേഷം സ്ഥിതിഗതികള്‍ അല്‍പം മെച്ചപ്പെട്ടുവെന്ന് കരുതിയാണ് അയ്യൂബ് ശബ്ബിര്‍ ജോലിക്കിറങ്ങിയത്. ആക്രി വില്‍പനയിലൂടെയാണ് ദിവസം 300-400 രൂപ നേടുന്നത്.

പോകരുതെന്ന് മകന്‍ പലതവണ പറഞ്ഞിട്ടും അദ്ദേഹം ചെവിക്കൊണ്ടില്ല. ജോലി ചെയ്യാതെ എത്രകാലം ഇങ്ങനെ വീട്ടിലിരിക്കാന്‍ പറ്റുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

വ്യാഴാഴ്ച രാവിലെ പുറത്തിറങ്ങിയപ്പോള്‍ ഉപ്പ അക്രമികളില്‍നിന്ന് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും സല്‍മാന്‍ കരഞ്ഞുകൊണ്ടു പറയുന്നു. കുറച്ച് പ്രായമായവരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.  ഇതിനുശേഷമാണ് പുറത്തു പോകരുതെന്ന് പറഞ്ഞ് മകന്‍ വിലക്കിയത്.

ഇന്ന് ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പേ അദ്ദേഹം പുറത്തേക്ക് പോയി. ആറു മണിയോടയാണ് രണ്ടുപേര്‍ സ്‌കൂട്ടറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നത്. ശിവ് വിഹാറിനും കാരവല്‍ നഗറിനുമിടയില്‍ നിലത്ത് വീണ് കിടക്കുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.
ഏതാനും പേര്‍ പേരും മതവും ചോദിച്ച ശേഷമാണ് തലയ്ക്ക് ഇടിച്ചുവെന്നാണ് ഉപ്പ പറഞ്ഞതെന്ന് സല്‍മാന്‍ വെളിപ്പെടുത്തി. ചായ കൊടുത്തെങ്കിലും കുടിച്ചില്ല. പോലീസുകാര്‍ വീട്ടില്‍ വന്നെങ്കിലും അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അവര്‍ സഹായിച്ചില്ല.

നഴ്‌സിംഗ് ഹോമില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഓട്ടോ റിക്ഷയിലാണ് ജി.ടി.ബി ഹോസ്പിറ്റലില്‍ എത്തിച്ചത്.

 

Latest News