ന്യൂദല്‍ഹി- നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. മുകുള്‍ വാസ്‌നിക്, താരിഫ് അന്‍വര്‍, സുശ്മിത ദേവ്, ശക്തിസിന്‍ഹ് ഗോഹില്‍, കുമാരി സെല്‍ജ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളത്. കോണ്‍ഗ്രസ് പ്രതിനിധി സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി സോണിയയ്ക്ക് കൈമാറും.42 പേര്‍ കൊല്ലപ്പെടുകയും, മുന്നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങളുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യംവെയ്ക്കുകയാണ് കോണ്‍ഗ്രസ്. വ്യാഴാഴ്ച വിഷയം ഉന്നയിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരാതിയും നല്‍കി. അക്രമസംഭവങ്ങള്‍ നോക്കിനിന്ന് കാഴ്ചക്കാരുടെ റോളാണ് കേന്ദ്രവും, ഡല്‍ഹി സര്‍ക്കാരും നിര്‍വ്വഹിച്ചതെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. 'പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാരും, അടുത്തിടെ അധികാരത്തിലെത്തിയ ഡല്‍ഹി സര്‍ക്കാരും നിശബ്ദം കാഴ്ചക്കാരായി, ഈ സമയത്ത് സംഘടിതമായി അക്രമങ്ങളും, കൊള്ളയും തുടര്‍ന്നു', രാഷ്ട്രപതിയെ കണ്ടിറങ്ങിയ സോണിയാ ഗാന്ധി ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡല്‍ഹിയില്‍ സംഭവിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.