ന്യൂദല്‍ഹി- രാജ്യ തലസ്ഥാനം യുദ്ധക്കളമായി മാറിയപ്പോള്‍ ബിജെപിയും ആഭ്യന്തര മന്ത്രിയും അപ്രത്യക്ഷമായെന്ന രൂക്ഷ വിമര്‍ശനവുമായി മുന്‍ സഖ്യകക്ഷി ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു ശിവസേനയുടെ വിമര്‍ശനം.'ഡല്‍ഹി കത്തുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. അതിദേശീയതയും വര്‍ഗീയതയും രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കും' സാമ്‌ന പറയുന്നു.
കലാപത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി നേതാക്കളായ പര്‍വേഷ് പര്‍വേഷ് ശര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയേയും സാമ്‌ന കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല സവര്‍ക്കറെക്കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടി, ആദ്യം രാജ്യത്തിന്റെ സല്‍പ്പേരിനെക്കുറിച്ച് ചിന്തിക്കണമെന്നും സാമ്‌ന ഓര്‍മപ്പെടുത്തി.