ന്യൂദല്‍ഹി- ദല്‍ഹിയില്‍ ജി.ടി.ബി ആശുപത്രിയില്‍ മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വടക്കു കിഴക്കന്‍ ദല്‍ഹിയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ടു മരണം റിപ്പോർട്ട് ചെയ്തിരുന്നു.
പൗരത്വ പ്രതിഷേധക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടന്ന മൗജ്പൂർ, സീലാംപൂർ,ബാബർപൂർ പ്രദേശങ്ങള്‍ ഇന്ന് ശാന്തമാണ്. ഇവിടങ്ങളില്‍ സുരക്ഷാ സൈനികരെ വിന്യസിച്ചിരുന്നു. അർധരാത്രി മുതല്‍ രാവിലെ എട്ട് വരെ സംഘർഷ ബാധിത പ്രദേശങ്ങളില്‍നിന്ന് തീയണക്കാന്‍ 12 ഫോണ്‍കോളുകള്‍ ലഭിച്ചതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. 100 അഗ്നിശമന സൈനികരെ നിയോഗിച്ചതായും ഈ പ്രദേശങ്ങളിലെ നാല് ഫയർ സ്റ്റേഷനുകളില്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിച്ചതായും അധികൃതർ പറഞ്ഞു. ഇന്ന് സംഘർഷ ബാധിത പ്രദേശങ്ങില്‍നിന്ന് എതിർപ്പുകളൊന്നും നേരിടേണ്ടി വന്നില്ലെന്ന് പ്രദേശങ്ങള്‍ സന്ദർശിച്ച അഗ്നിശമന സേനാ വകുപ്പ് മേധാവി അതുല്‍ ഗാർഗ് പറഞ്ഞു.
ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.