റിയാദ് - വിദേശികൾക്കേർപ്പെടുത്തിയിരിക്കുന്ന ലെവിയിൽ നിന്ന് സർക്കാർ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്ന കരാർ കമ്പനികളെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. സൗദി ചേംബർ ഓഫ് കൊമേഴ്‌സിന്റെ അഭ്യർഥന പ്രകാരം ഇതു സംബന്ധിച്ച് മന്ത്രിസഭ തീരൂമാനമെടുത്തിട്ടുണ്ടെന്നും ഉടൻ നടപ്പിൽ വരുത്തിയേക്കുമെന്നും പ്രമുഖ സൗദി പത്രം റിപ്പോർട്ട് ചെയ്തു. ലെവി സംബന്ധിച്ച പ്രഖ്യാപനം വരുന്നതിന് മുമ്പ് ഏറ്റെടുത്ത പദ്ധതികളും നിലവിലെ പദ്ധതികളും ഈ തീരുമാനത്തിന്റെ പരിധിയിൽ വരും.
ലെവി ഏർപ്പെടുത്തിയതോടെ മുടങ്ങിയ പദ്ധതികളെ കുറിച്ചും അതിനുള്ള നഷ്ടപരിഹാരത്തെ കുറിച്ചും പഠിക്കുന്നതിന് പ്രത്യേക സമിതിയെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികൾ ഏറ്റെടുത്ത കമ്പനികൾ ലെവി അടക്കേണ്ടി വരുന്നതിനാൽ ചെലവ് വർധിച്ചിരിക്കുകയാണെന്നും അതുകാരണം തൊഴിലാളികളുടെ ശമ്പളം നൽകുന്നതിനും അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും കമ്പനികൾക്ക് തടസ്സം നേരിടുന്നുണ്ടെന്നും കാണിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് ചേംബർ ഓഫ് കൊമേഴ്‌സ് കത്തയച്ചിരുന്നു.
നിലവിൽ നടന്നുവരുന്ന സർക്കാർ പദ്ധതികളുടെയും 2018 ൽ അവസാനിക്കാത്തതും ലെവി നടപ്പാക്കാനുള്ള തീരുമാനത്തിന് മുമ്പ് ഏറ്റെടുത്ത പദ്ധതികളുടെയും കരാറുകാരെ ലെവിയിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ചേംബർ അധികൃതർ ആവശ്യപ്പെട്ടിരുന്നത്. സ്വദേശികൾ ചെയ്യാൻ മുന്നോട്ട് വരാത്ത ശുചീകരണമുൾപ്പെടെയുള്ള പ്രൊഫഷനുകൾ സ്വദേശിവത്ക്കരിക്കരുതെന്നും ചേംബർ ഓഫ് കൊമേഴ്‌സ് കത്തിൽ ആവശ്യപ്പെട്ടിരുന്നു.