റിയാദ് - ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഫീസ് ബാധകമാണെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി വെളിപ്പെടുത്തി. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 5000 റിയാലും അതിൽ കുറവും എ.ടി.എമ്മുകളിൽ നിന്ന് പിൻവലിക്കുന്നതിന് ഓരോ തവണയും 75 റിയാലിൽ കൂടാത്ത തുക ഫീസ് ആയി ഈടാക്കുന്നതിന് രാജ്യത്തെ ബാങ്കുകളെ കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അനുവദിക്കുന്നുണ്ട്.
5000 റിയാലിൽ കൂടുതൽ പിൻവലിക്കുന്നതിന് പിൻവലിക്കുന്ന തുകയുടെ മൂന്നു ശതമാനം ഫീസ് ആയി ബാങ്കുകൾക്ക് ഈടാക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കുകൾ ഈടാക്കുന്ന ഫീസ് 300 റിയാലിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ക്രെഡിറ്റ് കാർഡുകളിലെ ആകെ പരിധിയുടെ മുപ്പതു ശതമാനം വരെ ഉപയോക്താക്കൾക്ക് പണമായി പിൻവലിക്കാവുന്നതാണെന്നും മീഡിയ, ബാങ്കിംഗ് ബോധവൽക്കരണ കമ്മിറ്റി വ്യക്തമാക്കി.