Sorry, you need to enable JavaScript to visit this website.

പതിനൊന്ന് കുട്ടികളുടെ മരണകാരണം കഫ് സിറപ്പ്; മരുന്ന് വാങ്ങിയ 3200 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി


ലഡാക്ക്- ജമ്മുവിലെ ഉദ്ദംപൂരില്‍ 11 കുട്ടികള്‍ മരിച്ചതിന് കാരണം കഫ് സിറപ്പ് എന്ന് കണ്ടെത്തി. ഡിസംബര്‍,ജനുവരി മാസങ്ങളില്‍ പതിനേഴ് കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതില്‍ 11 കുട്ടികള്‍ വൃക്കസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു.ചുമയ്ക്കായി നല്‍കിയ മരുന്നാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ചുമയുടെ മരുന്നിന്റെ 3400 ലേറെ കുപ്പികള്‍ ഇതിനകം വിറ്റുപോയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഒരു തവണ ഒരു ഡോസില്‍ ആറ് മില്ലിവരെ മരുന്ന് കഴിക്കുകയാണെങ്കില്‍ പത്ത് മുതല്‍ പന്ത്രണ്ട് ഡോസാകുമ്പോള്‍ രോഗി മരിക്കുമെന്ന് ഹിമാചല്‍ പ്രദേശ് ഡ്രഗ് കണ്‍ട്രോളര്‍ നവ്‌നീത് മാര്‍വ അറിയിച്ചു.

ഹിമാചല്‍ ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് കഫ് സിറപ്പ് വിപണിയിലെത്തിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസം ഹിമാചല്‍ പ്രദേശ്,തമിഴ്‌നാട്,മേഘാലയ,ത്രിപുര എന്നിവിടങ്ങളില്‍ 5500 കുപ്പികള്‍ വിപണിയിലെത്തിച്ചിട്ടുണ്ട് കമ്പനി. അതുകൊണ്ട് തന്നെ മരുന്ന് വാങ്ങിയവരെ രസീത് വെച്ച് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. മരണത്തിന് കാരണം ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയുടെ മരുന്ന് തന്നെയാണെന്ന് അന്തിമഫലം ലഭിച്ചാല്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും.
 

Latest News