ന്യൂദൽഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നേരിടുന്നതില്‍ ദല്‍ഹി പോലീസ് പൂർണ പരാജയം. പോലീസിനെതിരെ രൂക്ഷ വിമർശം ഉയർന്നതോടെ ആഭ്യന്തരമന്ത്രി അമിത് 24 മണിക്കൂറിനിടെ മൂന്ന് തവണയാണ് യോഗം വിളിച്ചത്. പുതിയതായി നിയമിച്ച ദല്‍ഹി സ്പെഷ്യൽ കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവയും യോഗത്തിൽ പങ്കെടുത്തു. സംഘർഷത്തിനു ശമനമില്ലാത്ത പശ്ചാത്തലത്തില്‍ അമിത് ഷാ തിരുവനന്തപുരം സന്ദർശനം റദ്ദാക്കി. അന്തരിച്ച മുതിർന്ന ആർ.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ എത്തിച്ചേരേണ്ടതായിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.
മൂന്നാമത്തെ യോഗം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ദൽഹിയില്‍ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് അമിത് ഷാ അവകാശപ്പെട്ടിരുന്നത്. കലാപം നിയന്ത്രിക്കാൻ ആവശ്യത്തിന് സേനയെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൗജ്പൂർ, ജാഫറാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളിൽ ദൽഹി പോലീസ് ഉദ്യോഗസ്ഥരും എംഎൽഎമാരും തമ്മിൽ മികച്ച ഏകോപനം നടത്താൻ ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർത്ത ദൽഹി സർക്കാർ, ദൽഹി പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.