ന്യൂദല്‍ഹി- ലോകത്തു മീ ടു വെളിപ്പെടുത്തലിനു വഴിതുറന്ന, ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ ഹോളിവുഡിലെ വിവാദ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റണ്‍ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് ന്യൂയോര്‍ക്കിലെ കോടതി. നടിമാരായ മരിയം ഹാലിയുടെയും ജസ്സീകാ മാനിന്റെയും ഹര്‍ജിയിലാണ് ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മറ്റ് ചില ബലാത്സംഗ ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനായെങ്കിലും ഈ രണ്ടു കേസുകളില്‍ മാത്രം 29 വര്‍ഷം കഠിന തടവ് കിട്ടിയേക്കാവുന്ന കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. 68 കാരനായ ഇനിയുള്ള ജീവിതം ഇരുമ്പഴിയ്ക്കുള്ളിലായിരിക്കുമെന്നു ചുരുക്കം. ദല്‍ഹിയില്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഇതു സംബന്ധിച്ച് പ്രതികരണം ചോദിച്ചു. വളരെ നന്നായി, എല്ലാ പീഡന വീരന്‍മാര്‍ക്കും ഇതൊരു പാഠമാകണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന്റെ നീതി ബോധത്തിന് കാരണമുണ്ട്. ഹാര്‍വി വെയ്ന്‍സ്റ്റണ്‍ എതിര്‍ രാഷ്ട്രീയക്കാരനാണ്.
മാര്‍ച്ച് 11 നടക്കുന്ന മറ്റ് കേസുകളിലെ വിചാരണയ്ക്കായും വെയ്ന്‍സ്‌റ്റെണെ കസ്റ്റഡിയില്‍ എടുക്കും. വിധി കേട്ട് ഞെട്ടിയ വെയ്ന്‍സ്റ്റീന്‍ താന്‍ നിരപരാധിയാണെന്ന് പിറുപിറുത്തതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. 15 വര്‍ഷം മുമ്പ് മയക്കുമരുന്ന് നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ 2018 ല്‍ ബില്‍ കോസ്ബിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ലൈംഗികാപവാദകേസാണ് ഹാര്‍വി വെയ്ന്‍സ്റ്റണ്‍ നായകനായത്.
2017 ല്‍ വെയ്ന്‍സ്‌റ്റെയിന്റെ ലൈംഗികപ്രവര്‍ത്തിയില്‍ ഇരകളായ ഏകദേശം 80 ലധികം സ്ത്രീകളാണ് ആരോപണവുമായി രംഗത്ത് വന്നത്. ഇത് പിന്നീട് 'മീ ടൂ' എന്ന പുതിയൊരു പ്രചരണത്തിന് തന്നെ ലോകത്തുടനീളം തുടക്കമിടുകയും ചെയ്തു. എന്നാല്‍ വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആരോപിക്കപ്പെട്ട പലതും പഴക്കമുള്ളത് ആയിരുന്നതിനാല്‍ മൂന്‍ നടി ജസ്സീക്കാ മാനും നിര്‍മ്മാണ സഹായിയായ മിമി ഹാലേയിയും നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് വിചാരണയ്ക്ക് ആസ്പദമായത്. 1993- 94 കാലത്ത് ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് പല തവണ വെയ്ന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം ഉന്നയിച്ച അനബല്ല സിയോറയുടെ മൊഴിയായിരുന്നു കേസില്‍ നിര്‍ണ്ണായകമായത്.
വെയ്ന്‍സ്റ്റീന്‍ തങ്ങളെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് രംഗത്ത് വന്നത് ആറ് പേരാണ്. എന്നാല്‍ ഇവരുമായുള്ള വെയ്ന്‍സ്റ്റീന്റെ ബന്ധം ഉഭയ സമ്മതത്തോടെ ആയിരുന്നെന്നാണ് അഭിഭാഷകര്‍ വാദിച്ചത്. സിനിമയില്‍ അവസരം നല്‍കാന്‍ നടിമാരെ ലൈംഗിക പ്രവര്‍ത്തിക്ക് വിധേയമാക്കിയെന്ന വെയ്ന്‍സ്റ്റീനെതിരേയുള്ള നടിമാരുടെ ആരോപണത്തില്‍ പക്ഷേ ഫോറന്‍സിക് തെളിവുകള്‍ ഇല്ലെന്നത് വെയ്ന്‍സ്റ്റീന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
വെയ്ന്‍സ്റ്റീനെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ അനേകം നടിമാരാണ് നിയമത്തിന് നന്ദി പറഞ്ഞുകൊണ്ട് ട്വിറ്ററില്‍ എത്തിയത്. വെയ്ന്‍സ്റ്റീന്റെ ലൈംഗിക താല്‍പ്പര്യത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സിനിമാ കരിയര്‍ തന്നെ നശിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിച്ച ആഷ്‌ലി ജൂഡാണ് ആദ്യം വന്നത്. ഈ കേസില്‍ വിചാരണ ചെയ്യപ്പെട്ട, കഠിനമായ നരകത്തെ അതിജീവിച്ച സ്ത്രീകള്‍ ചെയ്തത് ലോകത്തുടനീളമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി ചെയ്ത പൊതുസേവനമായിരുന്നെന്ന് ജൂഡ് കുറിച്ചു.
ലൈംഗികാരോപണം ഉയര്‍ന്നപ്പോഴെല്ലാം വെയ്ന്‍സ്റ്റെയ്ന്‍ പറഞ്ഞുകൊണ്ടിരുന്നത് പരസ്പര സമ്മതത്തോടെ ചെയ്തതായിരുന്നു എല്ലാമെന്നാണ്. അതു തന്നെയായിരുന്നു 2013 ല്‍ മാന്‍ഹട്ടണിലെ ഡബിള്‍ ട്രീ ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന നടി മാന്‍ ആരോപണം ഉന്നയിച്ചപ്പോഴും വെയ്ന്‍സ്‌റ്റെയ്ന്‍ നടത്തിയത്. 2006 ല്‍ താന്‍ മാസമുറയില്‍ ആയിരുന്നപ്പോള്‍ പോലും ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വെയ്ന്‍സ്‌റ്റെയ്ന്‍ പ്രകൃതി വിരുദ്ധ ലൈംഗികത നിര്‍ബ്ബന്ധിപ്പിച്ച് ചെയ്യിച്ചെന്നായിരുന്നു വെയ്ന്റസ്റ്റണെതിരേ നിര്‍മ്മാണ സഹായി ഹാലേയി നടത്തിയത്.
ഇവര്‍ക്ക് പുറമേ മുന്‍ മോഡല്‍ കൂടിയായ ലൂറന്‍ യംഗും വെയ്ന്‍സ്‌റ്റെയ്‌നെതിരേ ആരോപണം ഉന്നയിച്ചിരുന്നു. 22 വയസ്സുള്ളപ്പോള്‍ നടിയാകാന്‍ മോഹിച്ചെത്തിയ തന്നെ 2013 ല്‍ ബേവര്‍ലി ഹില്‍സിലെ ഹോട്ടല്‍ മുറിയുടെ ബാത്ത് റൂമില്‍ വെച്ച് ലൈംഗിക പ്രവര്‍ത്തിക്ക് ഇരയാക്കിയതായി ആരോപിച്ചിരുന്നു. ഈ ആരോപണത്തില്‍ കേസ് ലോസ് ഏഞ്ചല്‍സിലാണ് നടക്കുക. 2013 ഫെബ്രുവരിയില്‍ ഒരു ഇറ്റാലിയന്‍ മോഡലിനെ ബലാത്സംഗം ചെയ്ത ശേഷമാണ് യംഗിന് നേരെയും അക്രമം നീണ്ടതെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ബോളിവുഡ് താരം ഐശ്വര്യ റായിയെ അടക്കം വെയ്ന്‍സ്‌റ്റെയ്ന്‍ ഇരയാകാന്‍ ശ്രമിച്ചതായി വാര്‍ത്ത പുറത്തുവന്നിരുന്നു