ഹൈദരാബാദ്- മലപ്പുറത്തിനെതിരെ വർഗീയ പരാമർശവുമായി കേന്ദ്ര മന്ത്രി രംഗത്ത്. കേരളത്തിലെ മലപ്പുറത്ത് ഒരു വലിയ മതംമാറ്റ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്നും ഓരോ മാസവും ആയിരത്തോളം പേർ അവിടെ മതം മാറുന്നുണ്ടെന്നും മന്ത്രി ഹൻസ് രാജ് ആഹിറാണ് ആരോപിച്ചത്. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ ആരോപണം. ഹിന്ദു, ക്രിസ്ത്യൻ മതത്തിൽനിന്നുള്ളവരാണ് മതംമാറ്റത്തിന് വിധേയരാകുന്നതെന്നും ഈ കേന്ദ്രത്തെ പറ്റി സംസ്ഥാനത്തോട് റിപ്പോർട്ട് ചോദിച്ചിട്ടും അവർ നൽകിയില്ലെന്നും മന്ത്രി ആരോപിച്ചു. ഇക്കഴിഞ്ഞ മെയിൽ കേരളം സന്ദർശിച്ചപ്പോൾ ഡി.ജി.പിയോടും ചീഫ് സെക്രട്ടറിയോടും ഈ കേന്ദ്രത്തെ പറ്റി ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ടും ആവശ്യപ്പെട്ടു. എന്നാൽ ഇതേവരെയായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല.
എന്തടിസ്ഥാനത്തിലാണ് ആ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് സംസ്ഥാനത്തോട് ചോദിച്ചിരുന്നു. അവർ ദാരിദ്ര്യം മുതലെടുക്കുകയാണോ?. ഭീഷണിപ്പെടുത്തുകയും തൊഴിൽ നൽകുകയും ചെയ്യാമെന്ന് പറഞ്ഞാണോ മതം മാറ്റുന്നത്, അവരെന്താണ് ചെയ്യുന്നത് എന്ന് കണ്ടുപിടിക്കണം തുടങ്ങിയ കാര്യങ്ങളാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ എൽ.ഡി.എഫ് സർക്കാർ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഹാദിയ കേസ് സംബന്ധിച്ച പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.