ചെന്നൈ- കാല്‍നൂറ്റാണ്ടിലേറെ തടവില്‍ കിടന്നിട്ടും മോചനവഴി തെളിയാത്തതിനെ തുടര്‍ന്ന് ജയിലില്‍ പട്ടിണികിടന്ന മരിക്കാന്‍ തീരുമാനിച്ച് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്‍ ജയിലില്‍ നിരാഹാരം ആരംഭിച്ചു. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെള്ളിയാഴ്ച മുതലാണ് മുന്‍കൂട്ടി അറിയിച്ചതു പ്രകാരം മരുകന്‍ മരണം വരെ ഭക്ഷണവും വെള്ളവും പൂര്‍ണമായും വെടിഞ്ഞുള്ള സമരം തുടങ്ങിയത്. ജയിലധികൃതര്‍ ഇടപെട്ടെങ്കിലും ഭക്ഷണം വെടിയാനുള്ള തീരുമാനത്തില്‍ നിന്നും മുരുകനെ പിന്തിരിപ്പിക്കാനായില്ല.
അതേസമയം പിന്നീട് വെള്ളം കുടിക്കാന്‍ അദ്ദേഹം തയാറായതായി അഭിഭാഷകന്‍ പറഞ്ഞു. വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന മാനസിക വിഷമങ്ങള്‍ക്ക് പരിഹാരമായി ഭക്ഷണം ഉപേക്ഷിച്ച് ജയിലില്‍ സമാധിയടയാന്‍ അനുമതി തേടി നേരത്തെ മുരുകന്‍ തമിഴ്‌നാട് ജയില്‍ എ.ഡി.ജി.പി ശൈലേന്ദ്ര ബാബുവിന് നിവേദനം നല്‍കിയിരുന്നു. ഓഗസ്റ്റ് 18 മുതല്‍ നിരാഹാരം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. തടവില്‍ മുരുകന്‍ ആധ്യാത്മിക മാര്‍ഗത്തിലാണ്. കാവി വസ്ത്രമണിഞ്ഞാണ് ഏതാനും മാസങ്ങളായി മുരുകന്‍ കോടതിയില്‍ ഹാജരായിരുന്നത്.
മുരുകനെ കൂടാതെ ഭാര്യ നളിനിയും മറ്റു അഞ്ചു പേരുമാണ് രാജീവ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. വധശിക്ഷ വിധിക്കപ്പെട്ടിരുന്ന മുരുകന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ ശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറക്കുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ തീരുമാനിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ച് നീക്കം തടഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രാജീവ് വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നാണ് ഈയിടെ കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.