ന്യൂദല്‍ഹി- വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമിഅ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ദല്‍ഹി പോലീസിന് നിവേദനം നല്‍കി.
കപില്‍മിശ്രയുടെ പ്രസംഗവും ട്വിറ്ററിലെ ആഹ്വാനവുമാണ് ജാഫറാബാദിനു സമീപം സി.എ.എക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ കല്ലുകളുമായി എത്താന്‍ ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. കപില്‍ മിശ്രക്കെതിരെ തിങ്കളാഴ്ച രാവിലെ തന്നെ ഒരു സംഘം അഭിഭാഷകര് പോലീസിനു പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വര്‍ഗീയ കലാപം ദല്‍ഹിയെ മൊത്തത്തില്‍ ഭീതിയിലാക്കിയിരിക്കയാണ്. സംഘര്‍ഷബാധിത പ്രദേശങ്ങളിലെ എല്ലാ പാര്‍ട്ടികളുടേയും എം.എല്‍.എമാരുടേയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ത്തതായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചു.
അതിനിടെ, ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷഹ്ദാര ഡി.സി.പി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടി. ഇന്നലെ രാത്രി ശസ്ത്രിക്രിയ നടത്തിയ ഇദ്ദേഹത്തിന് ഇന്ന് രാവിലെ സി.ടി സ്‌കാന്‍ നടത്തി. ആരോഗ്യ നില ഭദ്രമാണ്. ഗോകുല്‍പുരിയില്‍ നടന്ന ഏറ്റുമുട്ടിലിനിടെയാണ് ഒരു കോണ്‍സ്റ്റബിള്‍ മരിക്കുകയും ഡി.സി.പിക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.