അയോധ്യയില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമയില്‍ പള്ളിയും ആശുപത്രിയും നിര്‍മിക്കും

അയോധ്യ

ന്യൂദല്‍ഹി- പള്ളി നിര്‍മിക്കുന്നതിന് സുപ്രീംകോടതി നിര്‍ദേശപ്രകാരം യു.പി സര്‍ക്കാര്‍ അനുവദിച്ച അഞ്ച്  ഏക്കര്‍ ഭൂമി സ്വീകരിക്കാനും  പള്ളി നിര്‍മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കാനും യു.പി സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചു.
അയോധ്യ ജില്ലാ തലസ്ഥാനത്തു നിന്ന് 18 കിലോമീറ്റര്‍ അകലെ ലഖ്‌നൗ ദേശീയപാതയില്‍ സൊഹവാള്‍ താലൂക്കിലെ ധന്നിപുര്‍ ഗ്രാമത്തിലാണ് യു.പി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. അയോധ്യയില്‍നിന്ന് വിദൂര സ്ഥലത്ത് അനുവദിച്ച ഭൂമി സ്വീകരിക്കില്ലെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നല്‍കുന്ന
ഭൂമി സ്വീകരിക്കരുതെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.
അനുദിച്ച സ്ഥലത്ത് പള്ളിക്കു പുറമെ,  നൂറ്റാണ്ടുകളായുള്ള ഇന്ത്യന്‍ ഇസ്‌ലാമിക് സംസ്‌കാരത്തെക്കുറിച്ചുള്ള പ്രദര്‍ശന കേന്ദ്രവും പഠനകേന്ദ്രവും ആശുപത്രിയും ലൈബ്രറിയും ഒരുക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ ഫാറൂഖി പറഞ്ഞു. പള്ളിയുടെ വലിപ്പവും എത്ര സ്ഥലം ഉപയോഗിക്കണമെന്നതും തീരുമാനിച്ചിട്ടില്ല. ട്രസ്റ്റിന്റെ ഘടനയും പിന്നീട് തീരുമാനിക്കും.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഭൂമി രാമക്ഷേത്രത്തിനു നല്‍കുന്നതിനു പകരമായി പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനും കഴിഞ്ഞവര്‍ഷം നവംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ട്രസ്റ്റ് ഈ മാസം അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

Latest News