ന്യൂദല്‍ഹി- ചൈനയുടെ സൂപ്പര്‍ പവര്‍ മോഹങ്ങള്‍ക്കുള്ള മറുപടിയായാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തേയും അദ്ദേഹം നടത്തുന്ന പ്രഖ്യാപനങ്ങളേയും യു.എസ് വിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നത്.
ആഗോളതലത്തില്‍ എല്ലാവരും ഭയപ്പെടുന്ന ആയുധങ്ങള്‍ ഇന്ത്യക്ക് നല്‍കുമെന്നും അവിശ്വസനീയമായ വ്യാപാര കരാറുകള്‍ ഉണ്ടാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അഹമ്മദാബാദില്‍ ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശന തുടക്കം.
നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തിന് മഹത്തായ ആദരവാണ് നല്‍കിയിരിക്കുന്നതെന്നും ഇന്നുമുതല്‍ ഇന്ത്യക്ക് ഞങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടായിരിക്കുമെന്നുമാണ് അഹമ്മദാബാദിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ജനങ്ങളുടെ കയ്യടികള്‍ക്കിടയില്‍ ട്രംപ് പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം വീണ്ടും അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദേശീയത ഉയര്‍ത്തിപ്പിടിച്ച് കൂടുതല്‍ വലതുപക്ഷത്തേക്ക് ചാഞ്ഞതില്‍ ട്രംപിന്റെ നയപരിപാടികളിലുള്ള സാമ്യതയാണ് വിമര്‍ശകര്‍ കാണുന്നത്. അടുത്ത സുഹൃത്തെന്ന് ട്രംപ് മോഡിയെ വിശേഷിപ്പിക്കുമ്പോള്‍ നയങ്ങളുടെ സമാനതകളിലാണ് നിരീക്ഷകര്‍ അടിവരയിടുന്നത്. സൂപ്പര്‍ പവറായി ഉയരാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഇന്ത്യയിലൂടെ സാധിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ട്രംപിന് വ്യക്തിപരമായി 50 ശതമാനത്തിലേറെ റേറ്റിംഗ് നല്‍കിയ ഏതാനും വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ശത്രുരാജ്യമായ പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധത്തിലുണ്ടായ നേരിയ വിള്ളലുകള്‍ക്കിടയിലാണ് ഇന്ത്യ ഈയടുത്ത വര്‍ഷങ്ങളിലായി ട്രംപുമായി ബന്ധം ശക്തമാക്കിയത്. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഏറ്റവും മികച്ചതും ലോകം ഭയപ്പെടുന്നതുമായ ആയുധങ്ങള്‍ ട്രംപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ശീതയുദ്ധകാലത്ത് റഷ്യന്‍ ആയുധങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയെ അമേരിക്കന്‍ ആയുധങ്ങളും വിമാനങ്ങളും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യമായി മാറ്റിയെടുക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
മുസ്ലിം വിവേചനത്തോടെയുള്ള പൗരത്വ നിയമത്തിനെതിരായ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ദല്‍ഹിയില്‍ ശ്രമം നടക്കുമ്പോള്‍ ഇന്ത്യ പുലര്‍ത്തുന്ന സഹിഷ്ണുതയെ വാഴ്ത്തിയാണ് ട്രംപ് അഹമ്മദാബാദില്‍ സംസാരിച്ചത്. സ്ഥിരതയും ഐശ്വര്യപൂര്‍ണവുമായ ജനാധിപത്യമാണ് ഈ നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മോഡിയുമായി നടത്തുന്ന ചര്‍ച്ചയില്‍ രാജ്യത്തെ മതസ്വാതന്ത്ര്യം ട്രംപ് ഉന്നയിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയുമായി അവിശ്വസനീയ കരാറുകള്‍ ഒപ്പിടുമെന്ന് പറഞ്ഞെങ്കിലും ട്രംപ് ഇന്ത്യയിലേക്ക് പുറപ്പെടുന്നതുവരേയും വ്യാപാര തര്‍ക്കങ്ങള്‍ തുടരുകയാണ്. കൃഷി, മെഡിക്കല്‍ ഉപകരണങ്ങള്‍, ഡിജിറ്റല്‍ വ്യാപാരം, പുതിയ നികുതികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് തര്‍ക്കങ്ങള്‍ തുടരുന്നത്.