അഹമ്മദാബാദ്- മോഡിയെ 'ചാമ്പ്യൻ ഒഫ് ഇന്ത്യ' എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഉറക്കംപോലും ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി ജോലി ചെയ്യുന്നയാളാണ് മോഡിയെന്നും അദ്ദേഹം ഇന്ത്യയുടെ ചാമ്പ്യനാണെന്നുമാണ് ട്രംപ് പറഞ്ഞത്. അഹമ്മദാബാദിൽ വച്ച് നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടി'യിൽ പ്രസംഗിക്കവേയാണ് ട്രംപ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും വാനോളം പുകഴ്ത്തിയത്.
അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും പറഞ്ഞ ട്രംപ് നരേന്ദ്ര മോഡിയും ഇന്ത്യയും അമേരിക്കയുടെ വലിയ സുഹൃത്താണെന്നും പറഞ്ഞു.
മതസൗഹാർദം നിലനിൽക്കുന്ന നാടാണ് ഇന്ത്യ. വിവിധ മതവിഭാഗങ്ങൾ സാഹോദര്യത്തോടെ രാജ്യത്ത് കഴിയുന്നത് മാതൃകയാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'അമേരിക്ക ഇന്ത്യയുമായി കരാറിൽ ഏർപ്പെടുകയാണ്. മൂന്ന് ബില്ല്യൺ ഡോളറിന്റെ ആയുധങ്ങൾ ഇന്ത്യയ്ക്ക് നൽകാൻ അമേരിക്ക തീരുമാനിച്ച കാര്യം ഞാൻ സന്തോഷപൂർവം നിങ്ങളെ അറിയിക്കുകയാണ്. ഏറ്റവും മികച്ച ഹെലികോപ്റ്ററുകളും മറ്റ് ആയുധങ്ങളും ഇതിൽ ഉൾപ്പെടും' ട്രംപ് പറഞ്ഞു.
ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി, പാക്കിസ്ഥാൻ അതിർത്തിയിലെ ഭീകരസംഘടനകളെയും ഭീകരവാദികളെയും ഇല്ലാതാക്കാൻ അധികാരത്തിലെത്തിയതു മുതൽ തന്റെ ഭരണകൂടം പാക്കിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.