Sorry, you need to enable JavaScript to visit this website.

അധോലോക നേതാവ് രവി പൂജാരിയെ സെനഗലില്‍ നിന്ന് ബംഗളുരുവിലെത്തിച്ചു; ഉടന്‍ കോടതിയില്‍ ഹാജരാക്കും

ബംഗളുരു- ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ബംഗളുരുവിലെത്തിച്ചു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. സെനഗലില്‍ നിന്ന് ജാമ്യം നേടി മുങ്ങിയ രവി പൂജാരിയെ കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് സെനഗലിലെത്തിച്ച രവി പൂജാരിയെ ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജപേരിലാണ് ദക്ഷിണാഫ്രിക്കയില്‍ ഇയാള്‍ കഴിഞ്ഞിരുന്നത്.

ബുര്‍ക്കിനോഫാസോ പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരുന്നുവെന്ന് കര്‍ണാടക പോലിസ് അറിയിച്ചു. ഛോട്ടാരാജന്റെ അടുത്ത അനുയായിയായ പൂജാരിയുടെ പേരില്‍ കൊലപാതക കേസുകള്‍ അടക്കം ഇരുന്നൂറില്‍പരം കേസുകളുണ്ട്. കര്‍ണാടകയില്‍ മാത്രം 90 ല്‍പരം കേസുകളാണുള്ളത്. അടുത്തിടെ കൊച്ചിയില്‍ രജിസ്ട്രര്‍ ചെയ്ത ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസിലും ഇയാളാണ് പ്രതി. രവി പൂജാരിയെ ഉടന്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. 2018ല്‍ സാമൂഹ്യപ്രവര്‍ത്തകരായ ഉമര്‍ഖാലിദ്, ഷെഹ്ല റാഷിദ്, ജിഗ്നേഷ് മേവാനി എന്നിവര്‍ക്ക്  നേരെ ഈ അധോലോക നേതാവിന്റെ വധഭീഷണിയുണ്ടായിരുന്നു.
 

Latest News