ന്യൂദല്‍ഹി- ദല്‍ഹിയില്‍ പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ജനങ്ങളെ ഇളക്കി വിടുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്രക്കെതിരെ ഒരു സംഘം അഭിഭാഷകര്‍ പരാതി നല്‍കി. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാന്‍ സി.എ.എ അനുകൂലികളെ പ്രേരിപ്പിച്ചത് മിശ്രയുടെ ട്വീറ്റുകളും പ്രസംഗങ്ങളുമാണ്.
വര്‍ഗീയ പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിക്കാറുളള മിശ്രയുടെ ആഹ്വാന പ്രകാരമാണ് ഞായറാഴ്ച പൗരത്വ നിയമത്തിനെതിരെ സമരം നടക്കന്ന ജാഫറാബാദിനു സമീപം മൗജ്പുരില്‍ സി.എ.എ അനുകൂലികള്‍ പ്രകടനം നടത്തിയതും പ്രതിഷേധക്കാര്‍ക്കുനേരെ കല്ലെറിഞ്ഞതും.
മൂന്ന് ദിവസത്തിനകം ജാഫറാബാദിലെയും ചാന്ദ് ബാഗിലേയും റോഡുകളില്‍നിന്ന് പ്രതിഷേധക്കാരെ മുഴുവന്‍ നീക്കം ചെയ്യണമെന്നാണ് മിശ്ര പൊതുയോഗത്തില്‍ പ്രസംഗിക്കവെ പോലീസിന് അന്ത്യശാസനം നല്‍കിയത്.
മൂന്ന് ദിവസത്തിനുശേഷം പോലീസിനെ കാത്തുനില്‍ക്കില്ലെന്ന് തന്റെ പ്രസംഗം ഷെയര്‍ ചെയ്തുകൊണ്ട് കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്്തു. ട്രംപ് പോകുന്നതുവരെ മാത്രം ഞങ്ങളില്‍നിന്ന് സമാധാനം പ്രതീക്ഷിച്ചാല്‍ മതി. അതിനുശേഷവും പ്രതിഷേധക്കാര്‍ റോഡുകളില്‍നിന്ന് പോയില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ പറയുന്നതു കേള്‍ക്കില്ല- കപില്‍ മിശ്ര പോലീസുകാരെ ഓര്‍മിപ്പിച്ചു.
ഞായറാഴ്ച ദല്‍ഹിയില്‍ സംഘര്‍ഷമുണ്ടാകുന്നതിനു മൂന്ന് മണിക്കൂര്‍ മുമ്പ് ജാഫറാബാദിനു മറുപടി നല്‍കാന്‍ ഒത്തുചേരണമന്ന് കപില്‍ മിശ്ര ആഹ്വാനം ചെയ്തിരുന്നു. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍ മിശ്ര ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാവായിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടുന്നതിനാണ് ഇദ്ദേഹം ശ്രമിച്ചുവരുന്നത്.
മൗജ്പൂരില്‍ കഴിഞ്ഞ ദിവസം സി.എ.എ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.