Sorry, you need to enable JavaScript to visit this website.

മദീനയിൽ വനിതകൾ ഉൾപ്പെട്ട കവർച്ചാ സംഘം അറസ്റ്റിൽ

മദീന - രണ്ടു വിദേശ വനിതകൾ ഉൾപ്പെട്ട മൂന്നംഗ കവർച്ചാ സംഘത്തെ മദീനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരനും രണ്ടു നൈജീരിയൻ വനിതകളും അടങ്ങിയ സംഘമാണ് പിടിയിലായത്. സംഘം 29 കവർച്ചകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പണവും വില പിടിച്ച വസ്തുക്കളും അടക്കം ആറര ലക്ഷത്തിലേറെ റിയാലിന്റെ മോഷണങ്ങളാണ് ഇവർ നടത്തിയത്. 
കവർച്ചകളെ കുറിച്ച് മദീന പോലീസിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികള തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തി. വീടുകൾ കേന്ദ്രീകരിച്ച് ബ്യൂട്ടിഷ്യൻ സേവനങ്ങൾ നൽകുന്ന വിദേശ വനിതകളാണ് കവർച്ചക്ക് അനുയോജ്യമായ വീടുകൾ നിർണയിക്കുകയും ഇവിടങ്ങളിൽ പണവും വില പിടിച്ച വസ്തുക്കളും സൂക്ഷിച്ച സ്ഥലങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നത്. 


വീടുകളെ കുറിച്ച കൃത്യമായ വിവരങ്ങളും പണവും മറ്റും സൂക്ഷിച്ച സ്ഥലങ്ങളും നൈജീരിയക്കാരികൾ സൗദി യുവാവിന് കൈമാറുകയും താമസക്കാർ പുറത്തു പോകുന്ന തക്കത്തിൽ യുവാവ് മോഷണങ്ങൾ നടത്തുകയുമാണ് ചെയ്തിരുന്നത്. 
മോഷ്ടിച്ച് കൈക്കലാക്കിയ സ്വർണാഭരണങ്ങളിൽ ഒരു ഭാഗം പ്രതികളുടെ പക്കൽ കണ്ടെത്തി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 


 

Latest News