ജിദ്ദ - തെക്കുകിഴക്കൻ ജിദ്ദയിലെ ഖുവൈസ ഡിസ്ട്രിക്ടിൽ ഇരുനില കെട്ടിടത്തിൽ ഫ്‌ളാറ്റിന് തീപ്പിടിച്ച് രണ്ടു വിദേശ വനിതകൾക്ക് പരിക്കേറ്റു. 40 ഉം 70 ഉം വയസ്സ് പ്രായമുള്ള രണ്ടു അറബ് വനിതകൾക്ക് കനത്ത പുക മൂലം ശ്വാസതടസ്സം നേരിടുകയായിരുന്നു. ഫഌറ്റിൽ കുടുങ്ങിയ മൂന്നു സ്ത്രീകളെയും രണ്ടു കുട്ടികളെയും സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു. നിസ്സാര പരിക്കേറ്റ രണ്ടു വനിതകൾക്ക് സംഭവ സ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ചികിത്സകൾ നൽകി.
ഉത്തര ജിദ്ദയിലെ അൽസഹ്‌റാ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലും കഴിഞ്ഞ ദിവസം അഗ്നിബാധയുണ്ടായി. വ്യാപാര കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രോണിക്‌സ് കടയിലാണ് തീപ്പിടിത്തമുണ്ടായത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഖർനി പറഞ്ഞു.