റിയാദ് - സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ പദ്ധതി തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
അൽഹുദൈദയിൽ നിന്ന് ഇന്നലെ രാവിലെയാണ് ഹൂത്തികൾ സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ട് അയച്ചത്. ചെങ്കടലിന്റെ തെക്കു ഭാഗത്ത് ഭീകരാക്രമണം നടത്തുന്നതിനായിരുന്നു ഹൂത്തികളുടെ പദ്ധതി. പ്രാദേശിക, ആഗോള സുരക്ഷക്കും ലോക വ്യാപാരത്തിനും കപ്പൽ പാതകൾക്കും ഭീഷണിയായ ബോട്ട് സഖ്യസേന കണ്ടെത്തി തകർക്കുകയായിരുന്നു.
24 മണിക്കൂറിനിടെ ബാബ് അൽമന്ദബ് കടലിടുക്കിലും ചെങ്കടലിന്റെ തെക്കുഭാഗത്തും മൂന്നു സമുദ്ര മൈനുകൾ സഖ്യസേന കണ്ടെത്തി നശിപ്പിച്ചു. ഇതോടെ സഖ്യസേന തകർത്ത സമുദ്ര മൈനുകളുടെ എണ്ണം 150 ആയി. ഹൂത്തികളാണ് മൈനുകൾ സ്ഥാപിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതിനും ഡ്രോണുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകളും തൊടുത്തുവിടുന്നതിനും സമുദ്ര മൈനുകൾ സ്ഥാപിക്കുന്നതിനുമുള്ള കേന്ദ്രമായി അൽഹുദൈദയെ ഹൂത്തികൾ ഉപയോഗിക്കുകയാണ്. സൻആയിലെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ സംഭരണ, വിക്ഷേപണ കേന്ദ്രങ്ങൾക്കു നേരെ സഖ്യസേന ഇന്നലെ ആക്രമണങ്ങൾ നടത്തിയതായി കേണൽ തുർക്കി അൽമാലികി അറിയിച്ചു.
സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായുമാണ് സഖ്യസേന ആക്രമണങ്ങൾ നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച ബോട്ടുകളും ക്രൂയിസ് മിസൈലുകളും അടക്കമുള്ള ആയുധങ്ങൾ ഹൂത്തികൾക്ക് നൽകുന്നത് ഇറാൻ തുടരുകയാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു.