മുസഫര്‍നഗര്‍- ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളംതെറ്റി പത്ത് പേര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യയും പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാനിടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒഡീഷയിലെ പുരിയില്‍നിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോകുകയായിരന്ന ഉത്കല്‍ എക്‌സ്പ്രസിന്റെ ആറു ബോഗികളാണ് മീററ്റില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്ത് പാളം തെറ്റിയത്. ശനിയാഴ്ച വൈകുന്നേരം 5.45-നാണ് അപകടമുണ്ടായത്.
മുസാഫര്‍ നഗറില്‍ നിന്നും മീററ്റില്‍ നിന്നുമുള്ള ദേശീയ ദുരന്ത നിവാരണ സേനാ യൂണറ്റുകളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ റൂട്ടില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ട്രെയിനിന്റെ ബോഗികള്‍ ട്രാക്കില്‍ നിന്നുമാറ്റിയാലെ ഗതാഗതം പുനരാംഭിക്കാനാകൂ.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് നീരീക്ഷിച്ചു വരികയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങല്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും റെയില്‍വെ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.