Sorry, you need to enable JavaScript to visit this website.

സൗദി സര്‍ക്കാരിന്റെ കാരുണ്യം; രണ്ടര വര്‍ഷത്തിനുശേഷം മലയാളിക്ക് ജയില്‍ മോചനം

ഖമീസ്മുശൈത്ത്- വാഹനാപകടത്തില്‍ സൗദി പൗരന്‍ മരിച്ചതിനെ തടുര്‍ന്ന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയതെ രണ്ടര വര്‍ഷം ജയിലില്‍ കഴിഞ്ഞ പാലക്കാട് സ്വദേശി ഉദയന് ഒടുവില്‍ മോചനം. സൗദി പൗരന്‍  ഓടിച്ച വാഹനവും ഉദയന്‍ ഓടിച്ച ഷവലുമാണ് കൂട്ടിയിടിച്ചിരുന്നത്.  ഖമീസില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ വാദി ബിന്‍ ഹശ്ബലിലായിരുന്നു സംഭവം. ഷവലുമായി ജോലി ചെയ്തുകൊണ്ടിരിക്കെ  സ്വദേശി ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു. സ്വദേശി തല്‍ക്ഷണം മരിച്ചു.
അസീര്‍ പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ മലയാളി കൂട്ടായ്മകള്‍ പണം സ്വരൂപിച്ച് ഉദയന്റെ മോചനത്തിനു ശ്രമിച്ചുവരുന്നതിനിടയിലാണ് സൗദി സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാര തുക നല്‍കി മോചിപ്പിച്ചിരിക്കുന്നത്.

2014  ഫെബ്രുവരിയിലായിരുന്നു അപകടം. കോടതി ആദ്യം ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരമാണ് വിധിച്ചതെങ്കിലും  സ്വദേശിയുടെ കുടുംബം അപ്പീല്‍ പോയതിനാല്‍  സ്‌പോണ്‍സറും ജോലി ചെയ്യിച്ച കമ്പനിയും  ഒന്നര ലക്ഷം വീതം ബ്ലഡ് മണി  നല്‍കാന്‍ വിധിയായി.

https://www.malayalamnewsdaily.com/sites/default/files/2020/02/23/udayanone.jpeg

ജയില്‍ മോചിതനായ ഉദയന്‍  അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍. 

സ്‌പോണ്‍സറും ജോലി ചെയ്യിച്ച കമ്പനിയും  അവരുടെ തുക നല്‍കിയെങ്കിലും  ഉദയന്റെ തുക സ്‌പോണ്‍സര്‍ നല്‍കാന്‍ തയാറാകാത്തതിനാലണ് ഇദ്ദേഹം ജയിലിലായത്.  ലൈസന്‍സില്ലാതെ ഷവല്‍ ഓടിച്ചതാണ് ഉദയന്  വിനയായത്.  ജാമ്യത്തിലായിരുന്ന  ഉദയന്‍ 2018  ജൂണിലാണു   ജയില്‍ ശിക്ഷ അനുഭവിച്ചു തുടങ്ങിയത്. ഉദയന്റെ മോചനത്തിനായി തുടക്കം മുതല്‍ രംഗത്തുള്ള അസീര്‍ പ്രവാസി സംഘം നടത്തിയ ശ്രമങ്ങളുടെ ഫലമായി നഷ്ടപരിഹാര തുകയില്‍ ഇളവു നല്‍കാന്‍ മരിച്ച സൗദി പൗരന്റെ കുടുംബം തയാറായിരുന്നു.
ഇതിനായി ഉദയന്റെ  സുഹൃത്തുക്കളും മലയാളി കൂട്ടായ്മകളും സ്വരൂപിച്ച പണം  പ്രവാസി സംഘത്തെ ഏല്‍പിച്ച  സന്ദര്‍ഭത്തിലാണ് ദിയാമണി  സര്‍ക്കാര്‍ നല്‍കി കൊണ്ട്  ഉദയനെ ജയിലില്‍നിന്ന് മോചിപ്പിച്ചത്.
ഉദയന്റെ മോചനത്തിനായി   സ്വരൂപിച്ച   തുക തിരിച്ചു  നല്‍കുകയാണെന്ന്  പത്ര സമ്മേളനത്തില്‍ അസീര്‍ പ്രവാസി സംഘം ഭാരവാഹികള്‍ പറഞ്ഞു. ജയിലില്‍  കഴിഞ്ഞതിനാല്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഉദയന്  രണ്ടു ലക്ഷം രൂപ സഹായ ധനം നല്‍കുമെന്നും പറഞ്ഞു.   
സോഷ്യല്‍ മീഡിയ ദുരുപയോഗം , മദ്യ വില്‍പന എന്നിവയുമായി ബന്ധപെട്ടു മലയാളികള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും    സ്പോണ്‍സറെ വിശ്വസിച്ച്  ഡ്രൈവിംഗ് ലൈസന്‍സില്ലാതെ ജോലി ചെയ്യരുതെന്നും ആപത്താണെന്നും ജയില്‍ മോചിതനായ ഉദയന്‍  പറഞ്ഞു.  പത്രസമ്മേളനത്തില്‍  ഉദയനും  അസീര്‍ പ്രവാസി സംഘം പ്രവര്‍ത്തകരായ  അബ്ദുല്‍ വഹാബ് കരുനാഗപ്പള്ളി, സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, സന്തോഷ് പുതിയങ്ങാടി തുടങ്ങിയവര്‍ പങ്കെടുത്തു.


 

 

Latest News