ഇരിട്ടി- കാറില്‍ കടത്തുകയായിരുന്ന വെടിയുണ്ടകള്‍ സഹിതം യുവാവ് പിടിയില്‍. തില്ലങ്കേരി മച്ചൂര്‍ മലയിലെ വാടിയില്‍ വീട്ടില്‍ പ്രമോദാണ് (42) പിടിയിലായത്.
കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. കാറില്‍നിന്നു 70 എം.എമ്മിന്റെ ശക്തിമാന്‍ എന്ന് രേഖപ്പെടുത്തിയ 60 വെടിയുണ്ടകളും കണ്ടെടുത്തു. കര്‍ണാടകയില്‍നിന്നു വരികയായിരുന്നു ഇയാള്‍. മദ്യം അടക്കമുള്ള ലഹരി വസ്തുക്കളുണ്ടോ എന്നു പരിശോധിക്കുന്നതിനിടെ യുവാവ് പരിഭ്രാന്തനാവുകയായിരുന്നു. തുടര്‍ന്നാണ് വാഹനം വിശദമായി പരിശോധിച്ചതും ഒളിപ്പിച്ചുവെച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തതും. കെ.എല്‍ 78- 9972 നമ്പര്‍ മാരുതി ഓള്‍ട്ടോ കാറിലെ ഡിക്കിയില്‍ പാക്ക് ചെയ്തു സൂക്ഷിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍. വിരാജ്‌പേട്ടയില്‍ നിന്നാണിത് വാങ്ങിയതെന്നും നായാട്ടുകാര്‍ക്ക് നല്‍കാനാണ് കൊണ്ടുവന്നതെന്നുമാണ് യുവാവ് നല്‍കിയ മൊഴി. വെടിയുണ്ടകളും വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതിയെ കുടുതല്‍ അന്വേഷണത്തിനായി ഇരിട്ടി പോലീസിന് കൈമാറി.