Sorry, you need to enable JavaScript to visit this website.

അൽജാഫൂറ വാതക പാടം പ്രതിവർഷം 7,500 കോടി റിയാൽ നൽകും; പ്രകൃതി വാതക ഉൽപാദന മേഖലയിൽ സൗദിക്ക് വൻ കുതിച്ചുചാട്ടം

റിയാദ് - പ്രകൃതി വാതക ഉൽപാദന മേഖലയിൽ ആഗോള തലത്തിൽ വൻശക്തിയായി മാറുന്നതിന് കിഴക്കൻ പ്രവിശ്യയിലെ അൽജാഫൂറ പാടം സൗദി അറേബ്യയെ സഹായിക്കുമെന്ന് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അൽജാഫൂറ പാടം വികസിപ്പിക്കുന്നതു മുതൽ 22 കൊല്ലക്കാലം ചെലവുകളെല്ലാം കഴിഞ്ഞ് പ്രതിവർഷം 860 കോടി ഡോളർ (3,200 കോടി റിയാൽ) വീതം ഗവൺമെന്റിന് വരുമാനം ലഭിക്കും. മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് അൽജാഫൂറ പദ്ധതി പ്രതിവർഷം 2,000 കോടി ഡോളർ (7,500 കോടി റിയാൽ) സംഭാവന ചെയ്യും. നിരവധി സ്വദേശികൾക്ക് പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ ലഭ്യമാക്കും. 


ആഗോള തലത്തിൽ ഏറ്റവും പ്രധാനപ്പെട്ട പെട്രോൾ ഉൽപാദക രാജ്യമെന്നതിനു പുറമെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗ്യാസ് ഉൽപാദക രാജ്യങ്ങളിലൊന്നായി അൽജാഫൂറ പദ്ധതി സൗദി അറേബ്യയെ മാറ്റും. ഊർജോൽപാദനത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ വൈവിധ്യവൽക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും പദ്ധതി സഹായകമാകുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 


അൽജാഫൂറ വാതക പാടം വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഹൈഡ്രോകാർബൺ പദാർഥങ്ങൾക്കുള്ള ഹൈക്കമ്മീഷൻ യോഗത്തിൽ അധ്യക്ഷത വഹിച്ച് കിരീടാവകാശി വിലയിരുത്തി. സൗദിയിൽ കണ്ടെത്തുന്ന ഏറ്റവും വലിയ പാരമ്പര്യേതര വാതക പാടമാണിത്. ഇതിന് 170 കിലോമീറ്റർ നീളവും 100 കിലോമീറ്റർ വീതിയുമുണ്ട്. 200 ട്രില്യൺ ഘന അടി ഗ്യാസ് ശേഖരം ഇവിടെയുണ്ടെന്നാണ് കണക്കാക്കുന്നത്. അൽജാഫൂറ പാടം വികസിപ്പിക്കുന്നതിന് സൗദി അറാംകൊ നടത്തുന്ന ശ്രമങ്ങളെ കിരീടാവകാശി പ്രശംസിച്ചു. 110 ബില്യൺ ഡോളർ (41,200 കോടി റിയാൽ) നിക്ഷേപത്തോടെയാണ് വാതക പാടം അറാംകൊ വികസിപ്പിക്കുന്നത്. വികസന പദ്ധതിയിലൂടെ ഗ്യാസ് ഉൽപാദനം പടിപടിയായി വർധിക്കും. 2036 ആകുമ്പോഴേക്കും ഇവിടെ നിന്നുള്ള വാതക ഉൽപാദനം 2.2 ട്രില്യൺ ക്യുബിക് അടി ആയി ഉയരും. 


അൽജാഫൂറ വാതക പാടത്ത് ഉൽപാദിപ്പിക്കുന്ന ഗ്യാസ് വിഷൻ 2030 പദ്ധതി അനുസരിച്ച സാമ്പത്തിക വളർച്ചാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായ നിലക്ക് സൗദിയിൽ വ്യവസായ, വൈദ്യുതി ഉൽപാദന, ഖനന, സമുദ്രജല ശുദ്ധീകരണ മേഖലകൾക്ക് നീക്കിവെക്കുന്നതിന് മുൻഗണന നൽകണമെന്ന് കിരീടാവകാശി നിർദേശിച്ചു. പ്രതിദിനം 1,30,000 ബാരൽ ഇഥേയ്‌നും അഞ്ചു ലക്ഷം ബാരൽ ഗ്യാസ് ലിക്വിഡുകളും കണ്ടൻസേറ്റുകളും അൽജാഫൂറ പാടം ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ ഗവാറിന് തെക്കുകിഴക്കാണ് അൽജാഫൂറ വാതക പാടം. 


സൗദി അറേബ്യ വൈകാതെ ഗ്യാസ് കയറ്റുമതി മേഖലയിൽ പ്രവേശിക്കുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന് അഭിമാനകരമായ സുപ്രധാന പ്രഖ്യാപനം ദിവസങ്ങൾക്കുള്ളിൽ ഭരണാധികാരികൾ നടത്തുമെന്നും ജുബൈലിൽ സാബിക് സമ്മേളനത്തിൽ പങ്കെടുത്ത് ഊർജ മന്ത്രി വെളിപ്പെടുത്തിയിരുന്നു. അടുത്ത വർഷത്തോടെ സൗദിയുടെ പ്രതിദിന ഗ്യാസ് ഉൽപാദനം 12.2 ബില്യൺ ഘന അടിയായി അൽഫാദിലി പ്ലാന്റ് ഉയർത്തുമെന്ന് സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസിർ പറഞ്ഞു. 

 

Latest News