Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പൗരത്വ പ്രക്ഷോഭം അതിരു വിട്ടെന്ന് ശ്രീധരൻ പിള്ള

കോട്ടയം - സംസ്ഥാന ഗവർണർക്ക് പിന്നാലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങളോട് പരോക്ഷമായി വിയോജിച്ച് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിളള. പൗരത്വ നിയമ ഭേദഗതി എന്നത് വരികൾക്കിടയിൽ ഒളിപ്പിച്ചാണ് ശ്രീധരൻ പിളള സംസാരിച്ചത്. കോട്ടയത്ത് ജനകീയ സമിതിയുടെ രജത ജൂബിലി ആഘോഷ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ പ്രതിഷേധം പരിധിവിട്ടെന്ന് ശ്രീധരൻ പിളള പറഞ്ഞു. ജനങ്ങളിൽ ആശങ്ക അടിച്ചേൽപിക്കുന്ന രീതിയുളള പ്രക്ഷോഭങ്ങൾ ഏതു രാഷ്ട്രീയ പാർട്ടി നടത്തിയാലും അത് ശരിയല്ല. ആശങ്ക അടിച്ചേൽപിക്കുന്ന പ്രവണത അപകടകരമാണ്. ഏതു രാഷ്ട്രീയ പാർട്ടിക്കും സമരം ചെയ്യാനും പ്രക്ഷോഭം നടത്താനും ബോധവൽക്കരിക്കാനും സ്വാതന്ത്ര്യമുണ്ട്.  എന്നാൽ അതിനപ്പുറം പോയാൽ അതേപ്പറ്റി പറയേണ്ടത് സുപ്രീം കോടതിയിലാണ്. നിയമ നിർമാണ സഭകൾ പാസാക്കുന്ന നിയമങ്ങളെ വ്യാഖ്യാനിച്ച് അന്തിമമായി പറയുന്നത് സുപ്രീം കോടതിയാണ്. കോടതിയിൽ പ്രതിഷേധിക്കുന്ന എല്ലാവരും കക്ഷി ചേർന്നിട്ടുമുണ്ട്. എന്നിട്ടും എന്തേ കേരളത്തിൽ മാത്രം ശക്തമായ പ്രക്ഷോഭം. കേരള മണ്ണിൽ മാത്രം ശക്തമായ പ്രക്ഷോഭം നടന്നു. ഇത് പരിധി വിട്ടോയെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

ആത്യന്തികമായി ജനങ്ങളുടെ കൈയടി കിട്ടുന്ന രീതിയിലേക്ക് മാത്രം രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ മാറരുത്. ആത്മാവ് നഷ്ടപ്പെടുത്തുന്ന തരത്തിലേക്ക് പ്രസംഗങ്ങൾ മാറുന്ന പ്രവണത നല്ലതല്ല. ജനങ്ങളെ പഠിപ്പിക്കുന്ന രീതിയാലാവണം രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ എന്നാണ് ജവാഹർലാൽ നെഹ്റു പറഞ്ഞത്.

കഴിഞ്ഞ റിപ്പബ്ലിക് ദിനം മിസോറം ജനത പൂർണമായി ബഹിഷ്‌കരിച്ചിരുന്നു. ഹലോ ചൈന ഗുഡ് ബൈ ഇന്ത്യ എന്നായിരുന്നു മുദ്രാവാക്യം. രണ്ടു ശതമാനം മാത്രം ഹിന്ദുക്കൾ ഉളള സംസ്ഥാനമാണ് മിസോറം. ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങളാണ് ഭൂരിപക്ഷം. പക്ഷേ ഈ റിപ്പബ്ലിക് ദിനത്തിൽ മിസോറം മാറി. പൗരത്വ ബിൽ പാസായ ശേഷമാണ് മാറ്റമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

 

Latest News