ന്യൂദല്‍ഹി- വിമാനത്തില്‍ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റ് ടെയിനുകളിലെ സ്ലീപ്പര്‍ ബെര്‍ത്തല്ലെന്നും മര്യാദ പാലിക്കണമെന്നും ഓര്‍മിപ്പിച്ച് വ്യോമയാന മന്ത്രാലയം.
വിമാന യാത്രയില്‍ സഹായാത്രികനെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ യാത്രക്കാരില്‍ നിന്നുണ്ടാകരുതെന്ന മന്ത്രാലയത്തിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി.
പല വിമാനങ്ങളിലും കാല് നീട്ടിവെക്കാന്‍ പോലും പറ്റുന്നില്ലെന്നും അതു കൊണ്ട് കാല്‍ നീട്ടിവെക്കാന്‍ ലെഗ് റൂം സ്‌പേസ് വര്‍ധിപ്പിക്കണമെന്ന് പലരും അവസരം മുതലെടുത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അമേരിക്കന്‍ വിമാനത്തില്‍ സീറ്റ് പിന്നിലേക്ക് തള്ളിയതിന്റെ പേരില്‍ രണ്ട് യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചയായതിന് പിന്നാലെയാണ് വിമാന യാത്രയില്‍ പാലിക്കേണ്ട മര്യാദകള്‍ വ്യോമയാന മന്ത്രാലയം ഓര്‍മപ്പെടുത്തിയത്.
വിമാനത്തില്‍ നല്ല പെരുമാറ്റവും മര്യാദകളും എല്ലായിപ്പോഴും പാലിക്കണമെന്നും അത് അഭിനന്ദിക്കപ്പെടുമെന്നും ട്വീറ്റില്‍ പറയുന്നു. നിങ്ങളുടെ സീറ്റ് സ്ലീപ്പര്‍ ബെര്‍ത്തല്ലന്നും വ്യോമയാന മന്ത്രാലയം ഓര്‍മപ്പെടുത്തുന്നു. വളരെ കുറച്ച് സ്ഥലം മാത്രമേ വിമാനത്തില്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളൂ. സീറ്റ് പിന്നിലേക്ക്
തള്ളണമെങ്കില്‍ പിന്നിലെ യാത്രക്കാരെ ശ്രദ്ധിക്കണമെന്നും വ്യോമയാന മന്ത്രാലയം നല്‍കുന്നു. യാത്രക്കാരന്‍ സീറ്റ് ചരിക്കുമ്പോള്‍ പിന്നിലെ യാത്രക്കാരന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ചിത്രം സഹിതമാണ് വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ്.