ഡബ്ലിന്‍- അയര്‍ലന്‍ഡില്‍ ജയിലിലടച്ച മയക്കുമരുന്ന് വ്യാപാരിയുടെ 46 ദശലക്ഷം പൗണ്ട് ബിറ്റ്‌കോയിന്‍ നിക്ഷേപം നഷ്ടമായി. ബിറ്റ് കോയിനുകളുടെ കോഡ് എഴുതി വെച്ച കടലാസ് ഇയാള്‍ മുമ്പ് താമസിച്ച വീടിന്റെ ഉടമ കളയുകയായിരുന്നു. മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ചൂണ്ടയുടെ കവറില്‍ സൂക്ഷിച്ചുവെന്ന് പറയുന്ന എ ഫോര്‍ ഷീറ്റ് കണ്ടെത്താനാകുമോ എന്ന അന്വേഷണത്തിലാണ് അയര്‍ലന്‍ഡിലെ ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോയും പോലീസും.
ഡബ്ലിന്‍ സ്വദേശിയായ മയക്കുമുരുന്ന് വ്യാപാരി ക്ലിഫ്ടണ്‍ കോളിന്‍സിന്റെ ബിറ്റ്‌കോയിന്‍ നിക്ഷേപ കോഡുകള്‍ കണ്ടെത്താനാണ് അയര്‍ലന്‍ഡിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. മയക്കുമരുന്ന് വിതരണത്തിലൂടെയാണ് കോളിന്‍സ് കോടികളുടെ ബിറ്റ്‌കോയിന്‍ സ്വന്തമാക്കിയത്.
കോളിന്‍സ് പോലീസ് പിടിയിലായതോടെ വീട്ടുടമ സാധന സാമഗ്രികളെല്ലാം വീട്ടില്‍നിന്ന് ഒഴിവാക്കിയിരുന്നു. രഹസ്യകോഡ് എഴുതിയ കടലാസും അതു സൂക്ഷിച്ച കവറും ഇതില്‍ ഉണ്ടായിരുന്നു. കൗണ്ടി ഗാല്‍വേയിലെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് ഇതെല്ലാം ഉപേക്ഷിച്ചത്. ഇവിടത്തെ ജീവനക്കാരെ ചോദ്യംചെയ്തപ്പോള്‍ മാലിന്യങ്ങളെല്ലാം ജര്‍മനിയിലേക്കും ചൈനയിലേക്കും അയച്ചെന്ന മറുപടിയാണ് ലഭിച്ചത്.
12 അക്കൗണ്ടുകളിലായി 46 ദശലക്ഷം പൗണ്ട് മൂല്യമുള്ള ബിറ്റ്‌കോയിന്‍ സമ്പാദ്യമാണ് കോളിന്‍സുണ്ടായിരുന്നത്. ബിറ്റ്‌കോയിന്‍ ആരെങ്കിലും ഹാക്ക് ചെയ്യുമോ എന്ന ഭയംകാരണമാണ് 12 അക്കൗണ്ടുകളിലായി സൂക്ഷിച്ചത്. ഈ അക്കൗണ്ടുകളുടെ രഹസ്യകോഡ് നഷ്ടപ്പെടാതിരിക്കാന്‍ ഒരു കടലാസില്‍ പ്രിന്റ് എടുത്ത് ചൂണ്ടയുടെ കവറില്‍ സൂക്ഷിക്കുകയായിരുന്നു.
ഡബ്ലിനില്‍ സുരക്ഷാ ജീവനക്കാരനായിരുന്ന കോളിന്‍സ് മയക്കുമരുന്ന് വിതരണത്തിലൂടെ കോടികളാണ് സ്വന്തമാക്കിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 15 ലക്ഷം പൗണ്ട് മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ സമ്പാദ്യം പോലീസിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. ഒരു ലക്ഷം പൗണ്ട് പണമായും കണ്ടെത്തി.