ലഖ്‌നൗ- തന്റെ പേരിലെ ഇറാനിയെന്ന വാലു കാരണം പലപ്പോഴും വിദേശ എയര്‍പോര്‍ട്ടുകളില്‍ തടഞ്ഞുവെച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഏത് ഇറാനിയാണെന്ന ചോദ്യത്തിന് ഇന്ത്യാ വാലി ഇറാനിയെന്നാണ് മറുപടി നല്‍കാറുള്ളതെന്നും അവര്‍ വ്യക്തമാക്കി. ലഖ്‌നൗവില്‍ ഹിന്ദുസ്ഥാന്‍ ശിഖര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തി പാര്‍ലമെന്റ് മണ്ഡലത്തില്‍ താന്‍ നേടിയ വിജയത്തെ കുറിച്ചും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയായ അവര്‍ വിശദീകരിച്ചു. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലത്തില്‍ പാര്‍ട്ടി നേതാവ് രാഹുല്‍ ഗാന്ധിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. 2014 ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് രാഹുല്‍ ഗാന്ധി പരാജയപ്പെടുത്തിയ സ്മൃതി അഞ്ച് വര്‍ഷത്തിനുശേഷം 2019 ല്‍ മണ്ഡലം പിടിച്ചടക്കുകയായിരുന്നു. വിജയം തന്റേതല്ലെന്നും ജനങ്ങളുടേതായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞു. ഞാനൊരു പ്രതീകം മാത്രമായിരുന്നു. എനിക്ക് വേണ്ടി ജനങ്ങള്‍ നേടിയ വിജയമായിരുന്നു അത്. ഇതു വഴിയാണ് ഞാന്‍ അമേത്തിയുടെ സഹോദരിയായി മാറിയത്- അവര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ സ്മൃതി ഇറാനി ന്യായീകരിച്ചു. പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കുന്ന നിയമത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും കേന്ദ്ര വനിതാ ശിശുക്ഷേ വകുപ്പിന്റെ ചുമതല കൂടിയുള്ള അവര്‍ പറഞ്ഞു. ഹിന്ദു, സിക്ക് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത ശേഷം ബലാത്സംഗം ചെയ്തയാളെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന കേസുകള്‍ ഉണ്ടാകാറുണ്ടെന്നും അത്തരം പീഡനങ്ങള്‍ക്കിരയാകുന്നവരാണ് ഇന്ത്യയില്‍ അഭയം തേടുന്നത്. ഈ നിയമം അവര്‍ക്കാണ് അഭയം നല്‍കുന്നതെന്ന് സി.എ.എക്കെതിരായ എതിര്‍പ്പുകളെ അപലപിച്ചുകൊണ്ട് കേന്ദ്ര മന്ത്രി പറഞ്ഞു.