Sorry, you need to enable JavaScript to visit this website.

ദുബായില്‍ ഇന്ത്യക്കാരനെ കുടുക്കിയത് കുപ്പത്തൊട്ടിയില്‍ സൂക്ഷിച്ച വാച്ച്

ദുബായ് - വന്‍ കവര്‍ച്ച വെളിച്ചത്തു കൊണ്ടുവന്നത് കുപ്പത്തൊട്ടിയില്‍ യാദൃഛികമായി കണ്ടെത്തിയ വാച്ച്. ദുബായ് ഗോള്‍ഡ് സൂഖില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ, വാച്ച് കടയിലെ ജീവനക്കാരനാണ് സ്ഥാപനത്തിനകത്തെ കുപ്പത്തൊട്ടിയില്‍ 30,000 ലേറെ ദിര്‍ഹം വിലവരുന്ന കാര്‍ട്ടിയര്‍ ഇനത്തില്‍ പെട്ട വാച്ച് കണ്ടെത്തിയത്. പകുതി സ്വര്‍ണത്തിലും പകുതി സ്റ്റെയിന്‍ലസ് സ്റ്റീലിലും നിര്‍മിച്ച വാച്ചാണിത്.
ജീവനക്കാരന്‍ ഉടന്‍ തന്നെ വിവരമറിയിച്ചെങ്കിലും വാച്ച് അബദ്ധത്തില്‍ കുപ്പത്തൊട്ടിയില്‍ വീണതാകുമെന്ന് കരുതി  ഗൗരവത്തിലെടുത്തില്ലെന്ന് അറബ് വംശജനായ ഉടമ പറഞ്ഞു. സംശയം തീരാത്ത ജീവനക്കാരന്‍ മറ്റൊരു പാര്‍ട്ണറെ സമീപിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശുചീകരണ തൊഴിലാളിയായ ഇന്ത്യക്കാരന്‍ വാച്ച് മോഷ്ടിച്ച് കുപ്പത്തൊട്ടിയിലിട്ടതാണെന്ന് കണ്ടെത്തിയത്. മറ്റാരും അറിയാതെ സ്ഥാപനത്തില്‍നിന്ന് പുറത്തു കടത്തുന്നതിനു വേണ്ടിയാണ് ശുചീകരണ തൊഴിലാളി വാച്ച് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചത്.
ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കമ്പനിക്കു കീഴിലെ മറ്റു സ്ഥാപനങ്ങളില്‍ സമാന രീതിയില്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. സംശയം തോന്നി  മൂന്നു സ്ഥാപനങ്ങളിലെയും സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് വന്‍ കവര്‍ച്ച കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ടര ലക്ഷം ദിര്‍ഹമും രണ്ടേമുക്കാല്‍ ദിര്‍ഹമും വിലയുള്ള വാച്ചുകള്‍ അടക്കം കവര്‍ന്നതായി ശുചീകരണ തൊഴിലാളി സമ്മതിച്ചു. ഏറ്റവും വിലപിടിച്ച ഈ രണ്ടു വാച്ചുകള്‍ ഒന്നിന് പതിനായിരം ദിര്‍ഹം തോതില്‍ വില നിശ്ചയിച്ച് പാക്കിസ്ഥാനിക്ക് വില്‍പന നടത്തി. എന്നാല്‍ മോഷ്ടിച്ച് കൈക്കലാക്കിയ വാച്ചുകളാണെന്ന് ബോധ്യമായതിനാല്‍ ഒരു വാച്ചിന്റെ വില മാത്രമാണ് പാക്കിസ്ഥാനി നല്‍കിയതെന്നും തൊഴിലാളി വെളിപ്പെടുത്തി. ആകെ 83,75,000 ദിര്‍ഹം വിലവരുന്ന 86 വാച്ചുകളാണ് ശുചീകരണ തൊഴിലാളി മൂന്നു സ്ഥാപനങ്ങളില്‍ നിന്നായി കവര്‍ന്നതെന്ന് ഉടമ പറഞ്ഞു.
ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് വാച്ചുകള്‍ മോഷ്ടിച്ച് വില്‍പന നടത്തിയതായി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. കേസിലെ കൂട്ടുപ്രതികള്‍ രാജ്യം വിട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരായ കുറ്റപത്രം പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 

Latest News