ജയ്പൂര്‍ മോഷ്ടാവെന്നാരോപിച്ച് യുവാവിന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റി മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇരുപത്തിരണ്ടുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. രാജസ്ഥാനിലെ ബാര്‍മിറിലാണ് സംഭവം. മൂന്നംഗ സംഘമാണ് ഉപദ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ സഹോദരനാണ് പൊലീസില്‍ പരാതി നല്‍കിയത്. യുവാവിനെ ആളെഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നതെന്ന് പൊലീസ് പറയുന്നു.സംഭവത്തെ തുടര്‍ന്ന് ഭയന്ന യുവാവ് വീട്ടിലാരോടും ഇതേപറ്റി പറഞ്ഞിരുന്നില്ല. ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, യുവാവിനെ തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുന്നതായി കണ്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടുകാര്‍ പരാതി നല്‍കിയിട്ടും അക്രമത്തിനിരയായ യുവാവിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.