പട്‌ന- രാജ്യത്തെ മുസ്‌ലിം ങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. 1947ല്‍ തന്നെ എല്ലാ മുസ്‌ലി ങ്ങളേയും പാക്കിസ്ഥാനിലേക്ക് അയക്കണമായിരുന്നു എന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ''ഇത് രാജ്യത്തോട് കൂറ് കാണിക്കാനുളള സമയമാണ്. 1947ന് മുന്‍പ് ജിന്ന ഒരു മുസ്‌ലിം രാഷ്ട്രത്തിന് വേണ്ടി ശ്രമം നടത്തി. നമ്മുടെ പൂര്‍വികരുടെ ഭാഗത്ത് നിന്നുണ്ടായ ആ വലിയ തെറ്റിന്റെ ഫലമാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്'', ഗിരിരാജ് സിംഗ് പറഞ്ഞു. അന്ന് തന്നെ മുസ്‌ലി ങ്ങളെ പാകിസ്താനിലേക്ക് പറഞ്ഞയക്കുകയും ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നുവെങ്കില്‍ ഇന്നീ നിലയില്‍ എത്തില്ലായിരുന്നുവെന്നും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ഭാരത വംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടെ പോകും എന്നും ഗിരിരാജ് സിംഗ് ചോദിച്ചു. മൃഗക്ഷേമ വകുപ്പ് മന്ത്രിയായ ഗിരിരാജ് സിംഗ് ബീഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് വിവാദ പ്രസ്താവന നടത്തിയത്. മുസ്‌ലിം ങ്ങള്‍ക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വിവാദത്തിലാകുന്ന വ്യക്തിയാണ് ഗിരിരാജ് സിംഗ്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപക സമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. ഉത്തര്‍ പ്രദേശിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ദയൂബന്ദിനെ തീവ്രവാദത്തിന്റെ ഈറ്റില്ലം എന്ന് വിളിച്ച് കഴിഞ്ഞ ദിവസം ഗിരിരാജ് സിംഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മന്ത്രിയെ വിളിച്ച് വരുത്തി ശാസിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.