Sorry, you need to enable JavaScript to visit this website.

സർഗാത്മകമാണ് ഈ സമരം 

പൗരത്വ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ആരും തീരുമാനിച്ചുറപ്പിച്ച് തുടങ്ങിയതല്ല എന്നതാണ്. ചോര തിളക്കുന്ന ചെറുപ്പക്കാർ, പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു രാജ്യത്തിന്റെ സിരകളിലേക്ക് കുത്തിക്കയറ്റിയ ധൈര്യമാണ് ആ സമരം. ഒരു ജനത മുഴുവൻ ഇതികർത്തവ്യതാമൂഢരായിരിക്കേ, വഴി കാട്ടിയ വെളിച്ചമാണ് ആ സമരം. സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ പോലും പകച്ചുനിൽക്കേ, അവരെ കൈവലിച്ച് തെരുവിലേക്കിറക്കിയതാണ് ആ സമരം. അതിന്റെ സമ്പൂർണമായ അവകാശം ഈ രാജ്യത്തെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമുള്ളതാണ്. 

സമര തീക്ഷ്ണമായ യൗവനം എക്കാലത്തും രാജ്യത്തിന് മുതൽക്കൂട്ടാണ്.  അധികാരത്തെ നേർവഴിക്ക് നടത്താൻ എന്നും കൊതിയുള്ളവരുടെ യൗവനം. ഈ സമരച്ചൂടിനെ ചൂഷണം ചെയ്താണ് രാഷ്ട്രീയ പാർട്ടികൾ നേട്ടമുണ്ടാക്കാറ്. ലോകത്തെ കാര്യം പോകട്ടെ, നമ്മുടെ നാട്ടിലേക്കൊന്ന് തിരിഞ്ഞുനോക്കിയാൽ, ബസിന് കല്ലെറിയാനും ആളുകളെ വഴിയിൽ തടയാനും അക്രമമഴിച്ചുവിടാനും കാമ്പസുകളിൽ രക്തം ചൊരിയാനുമൊക്കെ ചെറുപ്പക്കാരുണ്ട്. സർഗാത്മക യുവത്വത്തെ അക്രമത്തിന്റെ പാതയിലേക്ക് വഴിതിരിച്ചു വിടാൻ നമുക്ക് രാഷ്ട്രീയക്കാരുണ്ട്.
വലിയ വലിയ മാറ്റങ്ങളുടെ തുടക്കം ചെറുപ്പക്കാരിൽനിന്നാണെന്നത് ഒരു ചരിത്ര സത്യമാണ്. എല്ലാ പ്രക്ഷോഭങ്ങളുടെയും തുടക്കക്കാർ അവരാണ്. അത് സമകാലീന ചരിത്രത്തിൽ മാത്രമല്ല, നൂറ്റാണ്ടുകൾ മുമ്പേ അങ്ങനെ തന്നെയാണ്. ആ വിപ്ലവാവേശത്തെ ശരിയായ വഴിയിലൂടെ, ശരിയായ മാർഗദർശനത്തിലൂടെ മുന്നോട്ട് നയിക്കുകയാണ് മുതിർന്നവരുടെ കർത്തവ്യം. അങ്ങനെ സംഭവിച്ചാൽ ചെറുപ്പക്കാർ വിപ്ലവം വിജയിപ്പിക്കും. ഇല്ലെങ്കിൽ വഴിതെറ്റിപ്പോകാം.


നമ്മുടെ നാട് ഇന്ന് വലിയ സമരവേലിയേറ്റങ്ങളുടെ നടുക്കാണ്. മാറ്റങ്ങൾ ആവശ്യമാണെന്ന് നാടിന് തോന്നിത്തുടങ്ങിയിരിക്കുന്നു. അല്ല, നാട്ടിലെ ചെറുപ്പക്കാർക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. അതിനാൽ സമീപകാലത്തൊന്നും ഉദാഹരണങ്ങളില്ലാത്ത ഒരു സമര വീര്യത്താൽ ബന്ധിതരായിരിക്കുന്നു അവർ. എവിടെയാണ് സമരം, എവിടെയാണ് പ്രകടനം, എവിടെയാണ് പ്രസംഗം... അവർ അന്വേഷിച്ചിറങ്ങുകയാണ്. ആരുടെയും പ്രേരണയില്ലാതെ, സ്വയം തോന്നി ഒരു യുവസമൂഹം സമരത്തിലേക്ക് അണിചേരുന്ന അത്ഭുതക്കാഴ്ചക്കാണ് നാട് സാക്ഷ്യം വഹിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്‌ട്രേഷൻ നീക്കത്തിനെതിരെയും നടക്കുന്ന സമരങ്ങളെക്കുറിച്ച് തന്നെയാണ് പറയുന്നത്.


ദൽഹിയിൽ ഏതാനും ദാദിമാർ തുടങ്ങിവെച്ച ഷഹീൻബാഗ് നാടൊട്ടുക്കും ഒരു ആവേശം പോലെ വ്യാപിക്കുകയാണ്. കോഴിക്കോട്ടും ചെന്നൈയിലും ബംഗളൂരുവിലും ഷഹീൻബാഗുകളുണ്ട്, ഇപ്പോൾ. ആസാദി മുദ്രാവാക്യങ്ങൾ അനവരതം മുഴങ്ങുന്നു. നാടെങ്ങും ആസാദി ചത്വരങ്ങളിൽ, പ്രായ ഭേദമെന്യേ, ലിംഗഭേദമെന്യേ, ജാതി-മതഭേദമെന്യേ ആളുകൾ കൂടിച്ചേരുന്നു. ഭരണഘടനാ സംരക്ഷണത്തിനും മതേതര സംരക്ഷണത്തിനും വേണ്ടി അവർ ഒന്നിച്ച് ശബ്ദമുയർത്തുന്നു. അതിന്റെ പ്രതിധ്വനികൾ അങ്ങകലെ വരെയെത്തുന്നുണ്ട് എന്നതിന് തെളിവുകളുണ്ട്. തീർച്ചയായും അത് ഫലം തരിക തന്നെ ചെയ്യും. 


പൗരത്വ സമരത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ആരും തീരുമാനിച്ചുറപ്പിച്ചു തുടങ്ങിയതല്ല എന്നതാണ്. സ്വയം പൊട്ടിപ്പുറപ്പെട്ട ഒരു സമരമാണത്. ദൽഹിയിലെ കാമ്പസുകളാണ് അത് തുടങ്ങിവെച്ചത്. 
അവിടത്തെ ചോര തിളക്കുന്ന ചെറുപ്പക്കാർ, പേടിച്ചു വിറച്ചു നിൽക്കുന്ന ഒരു രാജ്യത്തിന്റെ സിരകളിലേക്ക് കുത്തിക്കയറ്റിയ ധൈര്യമാണ് ആ സമരം. ഒരു ജനത മുഴുവൻ ഇതികർത്തവ്യതാമൂഢരായിരിക്കേ, വഴി  കാട്ടിയ വെളിച്ചമാണ് ആ സമരം. സാമ്പ്രദായിക രാഷ്ട്രീയ കക്ഷികൾ പോലും പകച്ചുനിൽക്കേ, അവരെ കൈവലിച്ച് തെരുവിലേക്കിറക്കിയതാണ് ആ സമരം. അതിന്റെ സമ്പൂർണമായ അവകാശം ഈ രാജ്യത്തെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമുള്ളതാണ്. എന്നാൽ ഏതെങ്കിലും വിദ്യാർഥി സംഘടനക്കോ, യുവജന സംഘടനക്കോ ഉള്ളതല്ലതാനും. അതാണ് ഈ സമരത്തെ വ്യത്യസ്തവും സവിശേഷവുമാക്കുന്നത്.


ഈ സമരത്തിന്റെ മറ്റൊരു വലിയ സവിശേഷത അതിലെ വർധിച്ച സ്ത്രീപങ്കാളിത്തമാണ്. സ്ത്രീകൾ നമ്മുടെ രാജ്യത്ത് സമര മുഖത്തേക്കിറങ്ങുന്നത് അപൂർവമായ അനുഭവമാണ്. രാഷ്ട്രീയ പാർട്ടികളുടെ സമരങ്ങളിൽ അവരുടെ അംഗങ്ങളോ അണികളോ ഒക്കെയായ സ്ത്രീകൾ പങ്കെടുക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. അടുക്കളക്ക് അവധി കൊടുത്ത്, വീട്ടുചുമതലകൾ വിട്ടൊഴിഞ്ഞ്, സാധാരണക്കാരായ സ്ത്രീകൾ സമരവേദികളിലേക്ക് സ്വയം പുറപ്പെടുന്ന അത്യപൂർവ  കാഴ്ചയെക്കുറിച്ചാണ് പറയുന്നത്. നാടെങ്ങുമുള്ള അനേകം ആസാദി സ്‌ക്വയറുകളിൽ, ഷഹീൻ ബാഗുകൡനിന്നുള്ള ഈ സമരാനുഭവം പങ്കുവെക്കുമ്പോൾ നമ്മുടെ യുവാക്കളിൽ കാണുന്ന ആത്മവിശ്വാസം അനൽപമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റെയും മനസ്സുകളിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സമരമാണ്. അതിനാൽ ഈ സമരം ആരെയാണോ ഉന്നം വെക്കുന്നത് അവർക്ക്, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെയോ, സംഘടനയെയോ കുറ്റം പറഞ്ഞു രക്ഷപ്പെടാനാവില്ല.


ഈ സമരം മുന്നോട്ടു വെക്കുന്ന മറ്റൊരു സവിശേഷത, അതിന്റെ സമാധാന സ്വഭാവമാണ്. ഒരു ജനതതിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന കാടത്തത്തിനെതിരെ ഇത്രയും ശാന്തമായും സമാധാനപരമായും സമരം ചെയ്യാൻ കഴിയുമോ എന്ന് അത്ഭുതം തോന്നും വിധമാണ് അതിന്റെ സംഘാടനം. ഉത്തർപ്രദേശിൽ മുപ്പതോളം പേരാണ് സമരമുഖത്ത് പോലീസ് വെടിയുണ്ടകൾക്ക് ഇരയായത്. മംഗലാപുരത്തും പോലീസ് നായാട്ടിൽ രണ്ടു പേർ മരിച്ചു, അനേകം പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് ആളുകളുടെ പേരിൽ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്. എന്നിട്ടും ജനങ്ങൾ സമചിത്തത കൈവിടുന്നില്ല. അക്രമത്തിന് തുനിയുന്നില്ല. സഹനത്തിന്റെ ഗാന്ധി മാർഗം ഈ സമരത്തിന്റെ ആത്മാവിലേക്ക് ഉൾച്ചേർന്നിരിക്കുന്നു. ഒരുപക്ഷേ സ്ത്രീകൾ ഈ സമരത്തിന്റെ മുൻനിരയിൽ അണിചേർന്നതുകൊണ്ടാവാമത് എന്ന് കരുതുന്നവരുണ്ട്. സ്ത്രീകൾ വഴികാണിക്കുന്ന സമരമാണിത്. അവർ മുന്നിൽനിന്ന് നയിക്കുന്ന സമരമാണിത്. അതുകൊണ്ടാണ്, സമരത്തിനിറങ്ങുന്ന സ്ത്രീകളെ പുഛിച്ച മതപുരോഹിതനെ എല്ലാവരും കാർക്കിച്ചുതുപ്പി അകറ്റിയത്. 


ഈ സമരം സർഗാത്മകമാണ്. ഒരുപക്ഷേ ഇത്രയും സർഗാത്മകമായ ഒരു സമരത്തിന് അടുത്തെങ്ങും ഭാരതം സാക്ഷ്യം വഹിച്ചിട്ടില്ല. സാമൂഹികമായ ഒത്തുചേരലിന് സമരമെന്നും പേരുണ്ടെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു. സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കുക മാത്രമല്ല അവർ ചെയ്യുന്നത്. സമരത്തിനെത്തുന്നവർ നാടകം കളിക്കുന്നു, കവിത ചൊല്ലുന്നു, ചിത്രം വരക്കുന്നു, പാട്ടുപാടുന്നു. കലാപ്രവർത്തനം പൗരത്വ പ്രക്ഷോഭത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. ദൽഹി ഷഹീൻ ബാഗിലെ റോഡുകളും ചുവരുകളും സമരക്കാരുടെ ആത്മാവിഷ്‌കാരത്തിന്റെ ഉദാത്ത കാഴ്ചകളായി നിലകൊള്ളുന്നു. അവരുടെ ഭാവനയിൽ വിരിയുന്ന ഇന്ത്യയുടെ നിസ്തുല ദൃശ്യങ്ങളാണ് അവിടത്തെ ചുവരുകളിൽ ചാലിച്ച വർണങ്ങൾ. അവർ അഭിനേതാക്കളും കവികളും പാട്ടെഴുത്തുകാരുമാണ്.  മുദ്രാവാക്യങ്ങൾക്കുമുണ്ട് ആ സർഗ ഭംഗി. 


ഇന്ത്യയുടെ ഓരോ ഗ്രാമഗ്രാമാന്തരങ്ങളിലും ഇന്ന് ആസാദി മുദ്രാവാക്യം കാവ്യാത്മകമായും കാൽപനികമായും മുഴങ്ങുന്നു. സമരം ഒരു ആഘോഷമായി മാറി എന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാൽ ആ ആഘോഷങ്ങളുടെ മറുപുറത്ത് തീവ്രനിശ്ചയമുള്ള യുവാക്കളുണ്ട് എന്ന് നാം മറന്നുപോകരുത്. ഇങ്ങനെയൊക്കെത്തന്നെയാണ് ഭയത്തിൽ ആണ്ടുപോയ ഒരു ജനതയെ കൈപിടിച്ചുയർത്തേണ്ടത്. 
പലതിൽനിന്നും നമുക്ക് സ്വാതന്ത്ര്യം അനിവാര്യമായിരിക്കുന്നു. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളിൽനിന്ന്, തകർന്നടിയുന്ന സമ്പദ്ഘടനയിൽനിന്ന്, പടർന്നു പിടിക്കുന്ന തൊഴിലില്ലായ്മയിൽനിന്ന്, മനുഷ്യരെ അകറ്റുന്ന വർഗീയ പ്രചാരണങ്ങളിൽനിന്ന്, രാഷ്ട്രീയ മുതലെടുപ്പിനുള്ള കലാപങ്ങളിൽനിന്ന്, ജനമനസ്സുകളെ ഭിന്നിപ്പിച്ചുനിർത്തുന്ന ചെന്നായ മനസ്സുകളിൽനിന്ന്, കാലഹരണപ്പെട്ട തത്വചിന്തകളെ എഴുന്നള്ളിക്കുന്ന യാഥാസ്ഥിതികത്വത്തിൽനിന്ന്, നമ്മെ വരിഞ്ഞുമുറിക്കുന്ന ഭീതിയിൽനിന്ന്, അന്യതാബോധത്തിൽനിന്ന് ഒക്കെ വേണം നമുക്ക് സ്വാതന്ത്ര്യം. ഈ പ്രക്ഷോഭം അതാണ് ഏറ്റുവിളിക്കുന്നത്. കേവലമായ ഒരു നിയമ ഭേദഗതിക്കെതിരായ സമരമെന്നതിലുപരി ഈ സമരം അതിന്റെ മുഖം മാറ്റിപ്പണിഞ്ഞിട്ടുണ്ട്. അത് ഒരു ഭരണകൂടത്തിനെതിരായ സമരമാണ്. ഇരുട്ടിന്റെ കരാള ശക്തികളെ തൂത്തെറിയാനുള്ള സമരമാണ്. വോട്ടിന്റെ വഴിയല്ല, സമരത്തിന്റെ വഴിയാണ് തിരുത്തുകയെന്ന് തിരിച്ചറിയുന്ന പ്രക്ഷോഭമാണ്. നാം ചെയ്തുപോയ ഒരു തെറ്റിനെ തിരിച്ചറിയുന്ന ഉണർത്തുപാട്ടായി ഈ സമരം മാറുന്നത് അതുകൊണ്ടാണ്.


പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഈ സമരത്തിൽ അകലെയാണ്. അവരുടെ സാന്നിധ്യം തീർച്ചയായുമുണ്ട്. എന്നാലിത്, സിവിൽ സമൂഹത്തിന്റെ സമരമാണ്. അതിന് ശക്തി പകരാൻ തീർച്ചയായും പാർട്ടികൾക്ക് സാധിക്കും. അതിന് അവർക്ക് എത്രമാത്രം കഴിയുന്നു എന്നതിനെ ആശ്രയിച്ച് തന്നെയാണ് ഈ സമരത്തിന്റെ വിജയവും. ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ ത്രസിച്ചുയർന്ന ഈ സമര വീര്യത്തെ, രാഷ്ട്രീയ മാറ്റത്തിനുള്ള കാഹളമായി പരിവർത്തിപ്പിക്കാൻ അവർക്കു കഴിയണം. അപ്പോഴാണ് യഥാർഥ മതേതര രാഷ്ട്രീയ പ്രവർത്തനം സാർഥകമാകുക. സമരത്തിന്റെ ഉടമസ്ഥാവകാശമല്ല പ്രധാനമെന്നും അതുണ്ടാക്കാൻ പോകുന്ന ഫലമാണ് പ്രധാനമെന്നും രാഷ്ട്രീയ കക്ഷികൾ തിരിച്ചറിയണം. അതിനാൽ മുഴങ്ങട്ടെ, ആസാദി. ഓരോ ഗ്രാമഗ്രാമാന്തരങ്ങളിലും ഓരോ ഇന്ത്യക്കാരന്റെ മനസ്സിലും അത് വെളിച്ചമായി നിറയട്ടെ. മാറ്റം സംഭവിക്കുക തന്നെ ചെയ്യും.

Latest News