ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും (ഇപിഎസ്) മുന്‍മുഖ്യമന്ത്രി ഒ പനിര്‍ശെല്‍വവും (ഒപിഎസ്) നേതൃത്വം നല്‍കുന്ന രണ്ട് അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ ലയിക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരനെ പിന്തുണയ്ക്കുന്നവര്‍ സര്‍ക്കാരിനെ മറിച്ചിടുമോ എന്ന ആശങ്കയും തങ്ങള്‍ക്കുള്ളിലെ അഭിപ്രായ ഭിന്നതയുമാണ് ലയനത്തിന് തടസ്സമാകുന്നതെന്നാണ് ഇരുവിഭാഗങ്ങളും നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം തിരക്കിട്ട ചില നീക്കങ്ങള്‍ ഇരുവിഭാഗവും നടത്തി. മറീന ബീച്ചിലെ ജയലളിത സമാധി അലങ്കരിച്ച് ഒപിഎസും ഇപിഎസും ഇവിടെ എത്തുമെന്ന് പ്രചാരണമുണ്ടായി. ഇരുവിഭാഗത്തിന്റെ നേതാക്കള്‍ വൈകുന്നേരം 7.30 സമാധിയിലെത്തി ലയന പ്രഖ്യാപനം നടത്തുമെന്ന് ഭരണം കയ്യാളുന്ന ഇപിഎസ് വിഭാഗവും ബിജെപിയും പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഈ സമയം ഒപിഎസ് വിഭാഗം മറ്റൊരു യോഗം വിളിക്കുകയായിരുന്നു. ആറു മണിക്കു തുടങ്ങിയ യോഗം മണിക്കൂറുകളോളം നീണ്ടു. ഒപിഎസിന് മുഖ്യമന്ത്രി പദവി കിട്ടാതെ ലയനത്തെ അംഗീകരിക്കില്ലെന്നാണ് യോഗത്തില്‍ ഭൂരിപക്ഷത്തിന്റേയും നിലപാട്. പാര്‍ട്ടി പിടിച്ചടക്കാന്‍ ശ്രമിച്ച ശശികലയെ പുറത്താക്കുകയും ജയലളിതയുടെ മരണം സിബിഐ അന്വേഷിക്കണമെന്നുമുള്ള ആവശ്യങ്ങളും അംഗീകരിക്കണമെന്നും ഒപിഎസ് പക്ഷം ആവശ്യപ്പെടുന്നു. ലയനത്തിനു പിന്നില്‍ ബിജെപി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നേതാക്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ലയന കാര്യത്തില്‍ ഉടന്‍ ഒരു തീരുമാനത്തിലെത്താന്‍ ദല്‍ഹിയില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഒരു ഒപിഎസ് വിഭാഗം നേതാവ് തുറന്നു പറഞ്ഞു.
സര്‍ക്കാരിനെ ദിനകരന്‍ മറിച്ചിടുമോ എന്നതു സംബന്ധിച്ചാണ് ഇപിഎസ് പക്ഷത്ത് ആശങ്ക. ദിനകരന്‍ എന്തെങ്കിലും നീക്കം നടത്തിയാല്‍ എത്ര എംഎല്‍എമാരുടെ പിന്തുണ തങ്ങള്‍ക്കു ലഭിക്കുമെന്നത് സംബന്ധിച്ച് ഒരു ഉറപ്പും ഇല്ലെന്നാണ് ഇപിഎസ് പക്ഷക്കാരനായ മുതിര്‍ന്ന മന്ത്രി പറഞ്ഞതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലയന ശേഷം തങ്ങള്‍ക്ക് അര്‍ഹമായ പദവികള്‍ വേണമെന്ന ആവശ്യവും ഇപിഎസ് പക്ഷത്തിലെ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പക്ഷത്തിനു വേണ്ടി ശശികലയേയും കുടുംബത്തേയും പരസ്യമായി തള്ളിപ്പറഞ്ഞ മന്ത്രി ഡി ജയകുമാര്‍ ആഗ്രഹിക്കുന്നത് തന്റെ മകനും എംപിയുമായ ജെ ജയവര്‍ധന് ഒരു കേന്ദ്ര മന്ത്രി പദവിയാണ്. അണ്ണാ ഡിഎംകെ ലയിച്ചാല്‍ കേന്ദ്രത്തില്‍ ഒരു ക്യാബിനെറ്റ് മന്ത്രി പദവിയും രണ്ട് സഹമന്ത്രി പദവികളും ബിജെപി വാഗ്ദാനം ചെയ്തിരുന്നതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലയന കാരാര്‍ ഒപിഎസ് പക്ഷത്തിലെ 13 നേതാക്കളില്‍ ഒമ്പതു പേരും അംഗീകരിക്കാത്തതാണ് മറ്റൊരു കല്ലുകടിയായത്. ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പോരെന്നും സിബിഐ അന്വേഷണം തന്നെ വേണമെന്നുമാണ് ഇവരുടെ നിലപാട്. ശശികലയുടെ നേതൃത്വത്തെ അംഗീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ഇവര്‍ ശക്തമായി ആവശ്യപ്പെടുന്നു.
അതിനിടെ തന്റെ കൂടെ കൂടുതല്‍ എംഎല്‍എമാരുണ്ടെന്നും ആവശ്യഘട്ടത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുമെന്ന വാദവുമായി ദിനകരന്‍ രംഗത്തെത്തി. തന്ത്രങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും സമയമാകുമ്പോള്‍ പുറത്തെടുക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ശശികലയെ ബംഗലൂരുവിലെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞത്. 20 പാര്‍ട്ടി എംഎല്‍മാരും മൂന്ന് സ്വതന്ത്രരും ദിനകരനെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ ഒന്നിച്ചു നിന്നാല്‍ ദിനകരനു അനായാസം ഒപിഎസ് സര്‍ക്കാരിനെ മറിച്ചിടാനാകും. സര്‍ക്കാരിനെ നയിക്കുന്നവര്‍ അവരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അണികളെ കാര്യമായെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.