അവിനാശി, തമിഴുനാട്- ജീവിതത്തിലെ ഏറ്റവും ഭയാനകമായ നിമിഷമായിരുന്നു അത്, മരണത്തെ മുഖാമുഖം കണ്ട് ഒടുക്കം ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. ദൈവകൃപയും ഭാഗ്യവും ഉള്ളതുകൊണ്ടു മാത്രമാണ് തനിക്ക് രക്ഷപ്പെടാനായത് എന്നാണ് ആന്‍മേരി പറയുന്നത്.ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍മേരി. നാട്ടിലേക്കുള്ള യാത്രയായിരുന്നു അത്. യാത്രയുടെ തുടക്കത്തില്‍ ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലിരുന്നായിരുന്നു ഇരുന്നിരുന്നത്. എന്നാല്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു യാത്രക്കാരന് സീറ്റ് നല്‍കുകയും ആന്‍മേരി മറ്റൊരു സീറ്റിലേക്ക് മാറുകയുമായിരുന്നു. അതും ഇടതുവശത്തേക്ക്.അപകടത്തില്‍ പെട്ട ബസിന്റെ വലതുഭാഗത്താണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയത്. എന്നാല്‍ ആന്‍മേരി സീറ്റ് വിട്ടു കൊടുത്ത ആള്‍ അപകടത്തില്‍ മരിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വലതു വശത്തിരുന്ന ഒരാള്‍ ആന്‍മേരി ഇരുന്ന ഇടതുഭാഗത്തെ ജനലയുടെ ചില്ല് തകര്‍ത്തുകൊണ്ട് പുറത്തേക്ക് തെറിച്ചുവീണു. വിന്‍ഡോ പൊട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്ക് തന്നെ കണ്ടെത്താനും ബസിന് പുറത്തെത്തിക്കാനുമായെന്ന് യുവതി പറഞ്ഞു.
ആന്‍മേരിയുടെ പരിക്കുകള്‍ സാരമല്ലാത്തതില്‍ രക്ഷാപ്രവര്‍ത്തകര്‍ യുവതിയെ മറ്റൊരു ബസില്‍ പറഞ്ഞയച്ചു. തുടര്‍ന്ന് നാട്ടിലെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.