മക്ക - കാലാവധി തീർന്ന ശീതള പാനീയങ്ങൾ വിൽക്കുകയും വിൽപനക്ക് വെക്കുകയും ചെയ്ത കേസിൽ സൗദി പൗരനും ബംഗ്ലാദേശിക്കും മക്ക ക്രിമിനൽ കോടതി പിഴ ചുമത്തി. സൗദി പൗരൻ മുസാഅദ് ബിൻ സുവൈലിം ബിൻ ഹുസൈൻ അൽമാലികിയുടെ ഉടമസ്ഥതയിൽ മക്കയിൽ പ്രവർത്തിക്കുന്ന സുൽത്താന കഫ്തീരിയയിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘം നടത്തിയ പരിശോധനയിലാണ് കാലാവധി തീർന്ന ശീതളപാനീയങ്ങൾ കണ്ടെത്തിയത്.
ഉടമക്കു പുറമെ സ്ഥാപന നടത്തിപ്പ് ചുമതല വഹിക്കുന്ന ജീവനക്കാരൻ ബംഗ്ലാദേശ് സ്വദേശി ജശീം അമീനുല്ലക്കും പിഴ ചുമത്തിയിട്ടുണ്ട്. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി വിധിച്ചു. സൗദി പൗരന്റെയും സ്ഥാപനത്തിന്റെയും ബംഗ്ലാദേശിയുടെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.