മുംബൈ- ഏതൊരു ശതകോടീശ്വരനെയും പോലെ അത്യാഡംബര ജീവിതം നയിച്ചിരുന്ന സംരംഭകനാണ് കഴിഞ്ഞ ദിവസം എന്‍എംസിയില്‍ നിന്ന് രാജിവെച്ച ബിആര്‍ ഷെട്ടി. സ്വന്തമായി പ്രൈവറ്റ് ജെറ്റ് ,വിന്റേജ് കാറുകളുടെ ഒരുനിര , ബുര്‍ജ് ഖലീഫയില്‍ രണ്ട് നിലകള്‍ എന്നിങ്ങനെ പോകുന്നു അദേഹത്തിന്റെ ലൈഫ് സ്റ്റൈല്‍. വേഗതയും സ്വാതന്ത്ര്യവും നല്‍കുന്ന ആവേശമാണ് തന്റെ കാറുകളോടുള്ള പ്രേമത്തിന് പിന്നിലെന്ന് ഷെട്ടി തന്നെ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ബോളിവുഡ്,ഹോളിവുഡ് താരങ്ങള്‍ക്കൊപ്പവും ബില്‍ഗേറ്റ്‌സിനൊപ്പവുമൊക്കെ നില്‍ക്കുന്ന ചിത്രങ്ങള്‍ അദേഹത്തിന്റെ ഉന്നത രാഷ്ട്രീയ-സാമൂഹ്യ വ്യക്തിബന്ധങ്ങളാണ് വെളിവാക്കുന്നത്. ഈ അത്യാഡംബ ജീവിതത്തിന് വേണ്ടതിനേക്കാള്‍ പണവും ആസ്തിയുമുള്ളയാളാണ് ബിആര്‍ ഷെട്ടിയെന്നത് രേഖകളില്‍ നിന്ന് തന്നെ വ്യക്തമാണ്. 1975ല്‍ കര്‍ണാടകയില്‍ നിന്ന് യുഎഇയിലേക്ക് സംരംഭക കുടിയേറ്റം നടത്തിയ അദേഹം എളുപ്പത്തിലാണ് ലോകമാകെ തന്റെ ബിസിനസിനെ വ്യാപിപ്പിച്ചത്.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആശുപത്രിശ്യംഖലയായ 200 കളില്‍പരം ബ്രാഞ്ചുകളള്ള എന്‍എംഎസി ഹെല്‍ത്ത് കെയര്‍,ധനമിടപാട് സ്ഥാപനമായ ഫിനെബ്ലര്‍ അടക്കമുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ അദേഹത്തിന് പബ്ലിക് കമ്പനികളിലെ ഓഹരിമൂല്യം 2.4 ബില്യണ്‍ ഡോളറാണ്. വിദ്യാഭ്യാസം ,ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന നിക്ഷേപങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴയ തേയിലക്കമ്പനിയിലും അദേഹത്തിന് നിക്ഷേപമുണ്ട്. എന്നാല്‍ ഇതിനിടെ അപ്രതീക്ഷിതയമായാണ് കാള്‍സണ്‍ ബ്ലോക്കിന്റെ ആക്രമണം നടന്നത്. എന്‍എംസിയില്‍ നടക്കുന്ന സാമ്പത്തിക തിരിമറികളെ വിമര്‍ശിച്ചും ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ അദേഹത്തിനെതിരെ കാള്‍സണ്‍ ബ്ലോക്കിന്റെ നിക്ഷേപ ഗവേഷണ സ്ഥാപനമായ മഡ്ഡി വാട്ടേഴ്‌സ് ബിആര്‍ ഷെട്ടിക്ക് എതിരെ ഉന്നയിച്ചത്. ഇതാണ് അദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. ഇവരുടെ ആരോപണങ്ങള്‍ ബിആര്‍ ഷെട്ടിയുടെ സ്ഥാപനങ്ങളുടെ ഓഹരിമൂല്യത്തിന് ചെറുതല്ലാത്ത തിരിച്ചടി നല്‍കി. ഫിനെബ്ലറിലും എന്‍എംസിയിലും 885 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണുള്ളത്. എന്നാല്‍ സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്താല്‍ അതിന്റെ ഒരംശം മാത്രമാണ് അദേഹത്തിന് ഉണ്ടാവുക.എന്‍എംസിയില്‍ തനിക്കുള്ള ഓഹരികളുടെ മൂന്നിലൊരു ഭാഗം ഫസ്റ്റ് അബൂദാബി ബാങ്കിലും സൂറിച്ച് ആസ്ഥാനമായുള്ള ഫാല്‍ക്കണ്‍ പ്രൈവറ്റ് ബാങ്കിലുമുള്ള വായ്പകള്‍ക്ക് ഈടായി നല്‍കിയെന്ന് ഈ മാസത്തെ ഫയലിങ്ങില്‍ ഷെട്ടി വ്യക്തമാക്കിയിരുന്നു. കൂടാതെ കമ്പനിയില്‍ ഷെട്ടിക്കുണ്ടെന്ന് പറയപ്പെടുന്ന ഓഹരി ഉടമസ്ഥാവകാശത്തിന്റെ പകുതി മറ്റ് രണ്ട് ഓഹരിയുടമകള്‍ സ്വന്തമാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മറ്റൊരു വായ്പാദാതാവായ ബഹ്‌റൈനിലെ അല്‍സലാം ബാങ്ക് ഓഹരികള്‍ വിറ്റ് ഷെട്ടിയുടെ വായ്പാതുക ഈടാക്കിയിരുന്നു. മഡ്ഡി വാട്ടേഴ്‌സിന്റെ കണ്ടെത്തലുകള്‍ക്കും അപ്പുറത്താണ് കാര്യങ്ങളെന്ന വിലയിരുത്തലുകളും വരുന്നു. കമ്പനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണങ്ങള്‍ മൂലം 70 ശതമാനം താഴേക്കു പോയ കമ്പനിയുടെ ഓഹരി മൂല്യം 77 കാരനായ ബിആര്‍ ഷെട്ടിയുടെ രാജിക്ക് പിന്നാലെ വീണ്ടും 9 %ലേറെ ഇടിഞ്ഞു. എന്‍എംസി ഹെല്‍ത്തിന്റെ വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു. ഒപ്പം ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞു. ഷെട്ടിയെയും മുഹെയ്രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി നേരത്തെ വിലക്കിയിരുന്നു. നിലവില്‍ ബോര്‍ഡ് അധ്യക്ഷനായ യുകെ വ്യവസായി എച്ച്ജെ മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഒരേയൊരു നണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരും. ഷെട്ടിക്കും മുഹെയ്രിക്കും കമ്പനിയിലുളള ഓഹരികളുടെ ശരിയായ മൂല്യം നിര്‍ണയിച്ചുവരികയാണ്. ഇതിനായി നിയമ-ധനകാര്യ ഉപദേശകരെ നിയോഗിച്ചിട്ടുണ്ട്. 1975 ല്‍ ന്യൂ മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ അബുദാബിയില്‍ ആരംഭിച്ച്, പ്രതിവര്‍ഷം 8.5 ദശലക്ഷത്തില്‍ അധികം പേരെ ചികില്‍സിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയത് ഷെട്ടിയാണ്.
ആയിരക്കണക്കിനു മലയാളികള്‍ ഇവിടെ ജോലി ചെയ്തുവരുന്നു. എന്‍എംസിയുടെ ആസ്തി മൂല്യനിര്‍ണ്ണയം, കടത്തിന്റെ അളവ്, എക്സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകള്‍ എന്നിവയില്‍ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്‌സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുന്‍ എഫ്ബിഐ ഡയറക്റ്റര്‍ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബിആര്‍എസ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്‌സില്‍ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അല്‍ മുഹെയ്രിക്കും അല്‍ കബെയ്‌സിക്കും ആവാമെന്നും അങ്ങനെയെങ്കില്‍ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും കഴിഞ്ഞയാഴ്ചത്തെ ഫയലിംഗില്‍ സൂചിപ്പിച്ചിട്ടുണ്ട്.
യുഎഇ എക്സ്ചേഞ്ചിന്റെ ചെയര്‍മാനായ ഷെട്ടി ട്രാവലെക്‌സ് ആന്‍ഡ് എക്സ്പ്രസ് മണി, നിയോ ഫാര്‍മ, ബിആര്‍എസ് വെന്‍ചേഴ്സ്, ബിആര്‍ ലൈഫ്, ഫിനാബ്ലര്‍ ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്. യുഎഇയിലെയും ഇന്ത്യയിലെയും ഷെട്ടിയുടെ മറ്റ് ബിസിനസ്സ് സംരംഭങ്ങളെ നിലവിലെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഫര്‍സ കണ്‍സള്‍ട്ടിംഗ് സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ അബ്ദുള്‍ മോയിസ് ഖാന്‍ പറഞ്ഞു.അതേസമയം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്. 1975 കളില്‍ അബുദാബിയിലെത്തി ആരംഭിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയ വമ്പന്‍ ഇന്ത്യന്‍ സംരംഭകനാണ് സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായിരിക്കുന്നത്.