ന്യൂദല്‍ഹി- നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ ജയിലിലെ ചുമരില്‍ സ്വയം തലയിടിച്ചു. നിസ്സാര പരിക്കുണ്ടെന്ന് തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
2012 ല്‍ നടന്ന നിര്‍ഭയ കൂട്ടബലാത്സംഗ, കൊലപാതകക്കേസില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ട വിനയ് ശര്‍മ കഴിഞ്ഞ16 നാണ് സെല്ലിലെ ചുമരില്‍ തലയിടിച്ച് സ്വയം മുറിവേല്‍പിച്ചത്.
വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളെ മാര്‍ച്ച് മൂന്നിന് രാവിലെ ആറിന് തൂക്കിലേറ്റാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടിരിക്കയാണ്. നാല് പ്രതികള്‍ക്കെതിരെ പട്യാല ഹൗസ് കോടതി തിങ്കളാഴ്ച പുതിയ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വിനയ് നിരാഹാര സമരത്തിലാണെന്നും പ്രതിയുടെ മാനസിക നില ശരിയല്ലെന്നും പ്രതികളുടെ അഭിഭാഷകന്‍ എ.പി സിംഗ് കോടതിയെ അറിയിച്ചിരുന്നു. ആരോഗ്യപരിശോധനക്കും ശരിയായ മെഡിക്കല്‍ റിപ്പോര്‍ട്ടിനും ജയില്‍ അധികൃതരോട് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ, ഈ മാസം അഞ്ചിന് ദല്‍ഹി ഹൈക്കോടതി നാല് കുറ്റവാളികള്‍ക്കും അര്‍ഹമായ എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. ഒരേ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ പ്രതികളെ പ്രത്യേകം തൂക്കിക്കൊല്ലാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
2012 ഡിസംബര്‍ 16 ന് രാത്രിയാണ് 23 കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂര്‍ ആശുപത്രിയില്‍ വെച്ചാണ് യുവതി മരിച്ചത്. കേസിലെ വിചാരണക്കിടെ പ്രതികളില്‍ ഒരാളായ രാം സിംഗ് തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു.