Sorry, you need to enable JavaScript to visit this website.

കിംഗ് സൽമാൻ സെന്റർ നടത്തിയത്  400 കോടി ഡോളറിന്റെ റിലീഫ് പ്രവർത്തനങ്ങൾ 

റിയാദ് - അഞ്ചു വർഷം മുമ്പ് സ്ഥാപിതമായതു മുതൽ ഇക്കഴിഞ്ഞ ജനുവരി 31 വരെയുള്ള കാലയളവിൽ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ വിദേശങ്ങളിൽ 400 കോടിയിലേറെ ഡോളറിന്റെ റിലീഫ് പ്രവർത്തനങ്ങൾ നടത്തിയതായി കണക്ക്. 47 രാജ്യങ്ങളിൽ 432.2 കോടിയിലേറെ ഡോളർ ചെലവഴിച്ച് 1,210 റിലീഫ് പദ്ധതികൾ ഇതിനകം സെന്റർ നടപ്പാക്കി. 


കിംഗ് സൽമാൻ റിലീഫ് സെന്റർ ഏറ്റുമധികം സഹായം നൽകിയത് യെമനാണ്. 295.8 കോടി ഡോളറിന്റെ റിലീഫ് പ്രവർത്തനങ്ങളാണ് സെന്റർ യെമനിൽ നടത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഫലസ്തീനിൽ 35.5 കോടി ഡോളറിന്റെ റിലീഫ് പ്രവർത്തനങ്ങൾ നടത്തി. മൂന്നാം സ്ഥാനത്തുള്ള സിറിയയിൽ 28.6 കോടി ഡോളറിന്റെയും നാലാം സ്ഥാനത്തുള്ള സോമാലിയയിൽ 18.6 കോടി ഡോളറിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി.


ഭക്ഷ്യസുരക്ഷാ മേഖലയിലാണ് ഏറ്റവുമധികം റിലീഫ് പ്രവർത്തനങ്ങൾ നടത്തിയത്. 120.8 കോടി ഡോളർ ചെലവഴിച്ച് 417 പദ്ധതികൾ ഈ മേഖലയിൽ നടപ്പാക്കി. ആരോഗ്യ മേഖലയിൽ 300 പദ്ധതികൾ നടപ്പാക്കി. ഇവക്ക് ആകെ 71.7 കോടി ഡോളർ ചെലവഴിച്ചു. റിലീഫ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനും 47 പദ്ധതികൾ 71.3 കോടി ഡോളർ ചെലവഴിച്ച് നടപ്പാക്കി. പാർപ്പിട മേഖലയിൽ 137 പദ്ധതികൾ അഞ്ചു വർഷത്തിനിടെ കിംഗ് സൽമാൻ റിലീഫ് സെന്റർ നടപ്പാക്കി. ഈ പദ്ധതികൾക്ക് ആകെ 42.3 കോടി ഡോളർ ചെലവഴിച്ചു. 


ജല, പരിസ്ഥിതി ആരോഗ്യ മേഖലയിൽ 22 കോടി ഡോളർ ചെലവഴിച്ച് 55 പദ്ധതികളും വിദ്യാഭ്യാസ മേഖലയിൽ 17.9 കോടി ഡോളർ ചെലവഴിച്ച് 71 പദ്ധതികളും ലോജിസ്റ്റിക് സേവന മേഖലയിൽ 5.7 കോടി ഡോളർ ചെലവഴിച്ച് 15 പദ്ധതികളും നടപ്പാക്കി. മറ്റു നിരവധി മേഖലകളിലും കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് റിലീഫ് പദ്ധതികൾ നടപ്പാക്കി. വിദേശങ്ങളിൽ വ്യവസ്ഥാപിതമായും സംഘടിതമായും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഈ രംഗത്തുള്ള നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും അഞ്ചു വർഷം മുമ്പാണ് കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആന്റ് റിലീഫ് സെന്റർ സൗദി അറേബ്യ സ്ഥാപിച്ചത്. 

Latest News