ന്യൂദല്‍ഹി- യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരവിന് മുന്നോടിയായി പലവിധ തയ്യാറെടുപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അഹമ്മദാബാദിലെ ചേരി മറക്കാനായി മതില്‍പണിയുന്നതിന് പിന്നാലെ ഇപ്പോള്‍ യമുനാ നദിയില്‍ ദുര്‍ഗന്ധം വമിക്കുന്ന ജലം ശുദ്ധീകരിക്കാനാണ് തീരുമാനം. യുപി സര്‍ക്കാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ട്രംപിന്റെ ആഗ്രാ സന്ദര്‍ശനം മുമ്പില്‍കണ്ടാണ് നടപടി.അതിനായി യമുനാ നദിയിലേക്ക് ഒരു സെക്കന്റില്‍ 500 ഘനയടി ജലമാണ് ജലസേചന വകുപ്പ് ഒഴുക്കിവിടുക.ഗംഗാനഗറില്‍ നിന്നാണ് ഈ ജലം യമുനയിലേക്ക് ഒഴുക്കുന്നത്. ഈ ജലം മഥുരയില്‍ ഫെബ്രുവരി 20ന് എത്തുമെന്നാണ് കണക്കുകൂട്ടല്‍. ഫെബ്രുവരി 24വരെ യമുനയിലെ ജലത്തിന്റെ അളവ് ഇതേരീതിയില്‍ നിലനിര്‍ത്തുമെന്ന് എഞ്ചിനീയര്‍ ധര്‍മേന്ദര്‍ സിങ് പറഞ്ഞു.
യമുനയില്‍ നിന്ന് ഉണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാനായാണ് പദ്ധതി. മലിനീകരണം നിയന്ത്രിച്ച് നിര്‍ത്തുകയാണ് അധികൃതര്‍.മഥുരയിലും ആഗ്രയിലും യമുനയിലെ ജലത്തില്‍ ഓക്‌സിജന്റെ അളവ് വര്‍ധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ ആഗ്ര നഗരത്തിന്റെ മുഖം മിനുക്കല്‍ പദ്ധതികള്‍ക്കും യുപി സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.