മലപ്പുറം - ജാതി മത രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി പ്രവാസി സമൂഹത്തിലെ എല്ലാ ദുർബല വിഭാഗങ്ങളേയും ചേർത്ത് നിർത്തുന്ന കാരുണ്യ പ്രസ്ഥാനമാണ് സൗദി കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
സൗദി കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷാ പദ്ധതി 2019 ലെ അവസാന ഘട്ട ആനുകൂല്യങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. മലപ്പുറത്ത് പാണക്കാട് ഹാദിയ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഹായിൽ പ്രവാസിയായിരിക്കെ മരണപ്പെട്ട സുരക്ഷാ പദ്ധതി അംഗമായ കൊല്ലം സ്വദേശി ജോർജ് തോമസിന്റെ ഭാര്യ ടീന തോമസിന് ആറ് ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.
സൗദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ടവരുടെ കുടുംബത്തിനും, മാരകരോഗങ്ങൾക്ക് ചികിത്സ തേടിയ പദ്ധതി അംഗങ്ങൾക്കുമായി 2019 വർഷത്തിൽ മൂന്നു ഘട്ടങ്ങളിലായി രണ്ടര കോടിയിലധികം രൂപ നേരത്തേ കമ്മിറ്റി വിതരണം ചെയ്തിരുന്നു. അതിനു ശേഷം മരണപ്പെട്ട പന്ത്രണ്ട് കുടുംബങ്ങൾക്കും, മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ നൂറോളം അംഗങ്ങൾക്കുമാണ് ഇന്നലെ ആനുകൂല്യങ്ങൾ വിതരണം ചെയ്തത്.
ഏഴാം വർഷത്തിലേക്ക് കടന്ന സൗദി കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഇപ്പോൾ അര ലക്ഷത്തോളം പേർ അംഗങ്ങളാണ്. സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെ.എം.സി.സി കേരള ട്രസ്റ്റ് മുഖേനയാണ് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നത്.
2019 വർഷത്തിൽ മാത്രം മരണപ്പെട്ട നാൽപ്പത്തി രണ്ട് കുടുംബങ്ങൾക്ക് ആറ് ലക്ഷം രൂപ വീതം പദ്ധതിയിൽ നിന്നും നൽകി. ഇതിനു പുറമേ മാരക രോഗങ്ങൾക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുന്ന മുന്നൂറോളം അംഗങ്ങൾക്ക് ഒന്നേകാൽ കോടിയോളം രൂപ ചികിത്സാ സഹായവും എത്തിച്ച് നൽകുകയുണ്ടായി.
ചടങ്ങിൽ പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കെ.കുട്ടി അഹമ്മദ് കുട്ടി, അഡ്വ. എൻ. സൂപ്പി, പി.വി മുഹമ്മദ് അരീക്കോട്, എം.സി വടകര, അബ്ദുറഹിമാൻ കല്ലായി, ആബിദ് ഹുസ്സൈൻ തങ്ങൾ, പി ഉബൈദുല്ല, യു.എ നസീർ, അരിമ്പ്ര അബൂബക്കർ, മുജീബ് പൂക്കോട്ടൂർ, പി.എം അബ്ദുൽ ഹഖ്, മുഹമ്മദ് കുട്ടി മാതാപുഴ, പി.എം.എ ജലീൽ, അലി അക്ബർ വേങ്ങര, മജീദ് അരിമ്പ്ര തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. വിവിധ സെൻട്രൽ കമ്മിറ്റി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. സുരക്ഷാ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി പദ്ധതി അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഖാദർ ചെങ്കള സ്വാഗതവും ട്രഷറർ കുഞ്ഞിമോൻ കാക്കിയ നന്ദിയും പറഞ്ഞു.