അനധികൃത പണപ്പിരിവിനെതിരെ ഒമാന്‍

മസ്‌കത്ത്- സാമൂഹിക സംഘടനകള്‍ക്ക് സംഭാവന കിട്ടിയ പണം എണ്ണത്തിട്ടപ്പെടുത്തി അടുക്കിവെക്കുന്ന വീഡിയോ പ്രചരിച്ചത് വിനയായി. പൊതുജനങ്ങളില്‍നിന്നു പണം പിരിക്കുന്ന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കുമെതിരെ  മുന്നറിയിപ്പുമായി ഒമാന്‍ സാമൂഹിക വികസന മന്ത്രാലയം രംഗത്തുവന്നിരിക്കുകയാണ്.
പൊതുജനങ്ങളില്‍ നിന്നു പണം പിരിക്കാന്‍ കമ്യൂണിറ്റി ക്ലബുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നു സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ ചില കമ്പനികളും സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും സംഭാവന പെട്ടി കൗണ്ടറുകളില്‍ സ്ഥാപിച്ചത് നിയമ വിരുദ്ധമാണ്.
അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയാല്‍ ഒന്നു മുതല്‍ മൂന്നു മാസം വരെ തടവും 200 മുതല്‍ 600 റിയാല്‍ വരെ പിഴയും ലഭിക്കും. രാജ്യത്തിനു പുറത്തുനിന്നു പണം ശേഖരിക്കുകയും അയക്കുകയും ചെയ്താല്‍ മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ആയിരം മുതല്‍ രണ്ടായിരം ഒമാന്‍ റിയാല്‍ വരെ പിഴയും ലഭിക്കും.
ഒമാനില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള വിദേശ കൂട്ടായ്മകള്‍ വിവിധ കമ്യൂണിറ്റി ക്ലബുകള്‍ മാത്രമാണ്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബാണ് ഇന്ത്യക്കാരുടെ അംഗീകൃത കൂട്ടായ്മ. ഇവയ്ക്ക് കീഴില്‍ മലയാളികള്‍ക്ക് മാത്രമായി കേരള വിംഗ്, മലയാളം വിംഗ്, മലബാര്‍ വിംഗ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

 

Latest News