ശ്രീനഗര്‍- ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിയെ വിമാനതാവളത്തില്‍ നിന്ന് തിരിച്ചയച്ച സംഭവത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനുസിങ്‌വി. ബ്രിട്ടീഷ് എംപിയായ ദെബ്ബി എബ്രഹാംസ് വെറുമൊരു എംപി മാത്രമല്ല പാക് ബിനാമിയാണെന്നാണ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു. ദെബ്ബിയെ നാടുകടത്തിയത് അനിവാര്യമായ നടപടിയാണ്. പാക് സര്‍ക്കാരിനോടും ഐഎസ്‌ഐയുമായും ശക്തമായ ബന്ധമുള്ള പാക് ബിനാമിയാണ് അവരെന്നാണ് അദേഹം ആരോപിച്ചത്.
ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കാനുള്ള മുഴുവന്‍ ശ്രമങ്ങളും ചെറുക്കപ്പെടേണ്ടതാണെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് എംപിയെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞ് വെച്ച് അധികൃതര്‍ തിരിച്ചയച്ചത്. തന്നോടൊരു കുറ്റവാളിയെന്ന മട്ടിലാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പെരുമാറിയതെന്നും സംഭവത്തില്‍ ആശങ്ക ബ്രിട്ടീഷ് എംബസിയുമായി പങ്കുവെച്ചതായും എംപി അറിയിച്ചിരുന്നു.