Sorry, you need to enable JavaScript to visit this website.

ആരതി കൊലക്കേസ്; സയനൈഡ് മോഹനന് ജീവപര്യന്തം ശിക്ഷ


മംഗളുരു- യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ കന്യാനയിലെ കായിക അധ്യാപകന്‍ മോഹന്‍ കുമാറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മംഗളുരു അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനി ആരതി നായിക്(23) നെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. 20 യുവതികളെയാണ് സയനൈഡ് മോഹനന്‍ എന്ന് വിളിപ്പേരുള്ള ഇയാള്‍ കൊലപ്പെടുത്തിയത്. സുള്ളിയയില്‍ ഹോസ്റ്റല്‍ ജീവനക്കാരിയായിരുന്ന കാസര്‍ഗോഡ് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഇനി വിിധിപറയാനുള്ളത്. ഇയാള്‍ക്ക് അഞ്ച് കേസുകളില്‍ വധശിക്ഷയും പതിമൂന്ന് കേസുകളില്‍ ജീവപര്യന്തവും കോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഒരു കേസില്‍ വധശിക്ഷ ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. രണ്ട് കേസുകളില്‍ ജീവപര്യന്തമായി ചുരുക്കിയിട്ടുണ്ട്.

ആരതി വധത്തില്‍ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി 55000 രൂപ പിഴയും ഒന്നുമുതല്‍ പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ആരതിയുടെ ആഭരണങ്ങള്‍ മാതാവിന് കൈമാറാനും കോടതി നിര്‍ദേശിച്ചു. 2006ലാണ് ആരതിയെ കൊലപ്പെടുത്തിയത്. വിവാഹ ചടങ്ങിനിടെ ഇവരെ മോഹന്‍കുമാര്‍ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നല്‍കി വിനോദയാത്രക്കെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഗര്‍ഭിണിയാകാതിരിക്കാനുള്ള ഗുളികയെന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു യുവതിയുടെ തീരോധാനം സംബന്ധിച്ച് അറസ്റ്റിലായപ്പോഴാണ് ഇരുപതോളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ വകവരുത്തിയതായി ഇയാള്‍ സമ്മതിച്ചത്.

Latest News