അഹമ്മദാബാദ്- ആർത്തവമില്ലെന്ന് ഉറപ്പുവരുത്താന്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍
ഗുജറാത്തില്‍ കോളേജ് പ്രിന്‍സിപ്പലടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്ര ട്രസ്റ്റിന്‍റെ കീഴിലുള്ള ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 60 വിദ്യാർഥിനികൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
പ്രിൻസിപ്പൽ റീത്ത റാണിംഗ, ഹോസ്റ്റൽ റെക്ടർ രമിലബെൻ ഹിരാനി, പ്യൂൺ നൈന ഗൊരാസിയ, അനിത ചൗഹാൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പ്രിൻസിപ്പൽ റാണിംഗ, ഹിരാനി, ഗൊരാസിയ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തതിനെ തുടർന്നാണ് അറസ്റ്റ്.
ആർത്തവമുള്ളവർ ക്ഷേത്രത്തിലും ഹോസ്റ്റലിലെ അടുക്കളയിലും പ്രവേശിച്ചുവെന്ന സംശയത്തെ തുടർത്താണ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന 60 വിദ്യാർഥിനികളെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്നു ദേശീയ വനിതാ കമ്മിഷന്‍ ഹോസ്റ്റലില്‍ എത്തി കുട്ടികളോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ഇരുന്ന് ആഹാരം കഴിക്കരുതെന്നു ഹോസ്റ്റല്‍ നിയമമുണ്ടെന്നും പറയുന്നു.
ക്ഷേത്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന കോളജിൽ ആർത്തവകാലത്തു പെൺകുട്ടികളെ ക്ഷേത്രപരിസരത്തും ഹോസ്റ്റൽ അടുക്കളയിലും വിലക്കിയിരുന്നു. ഇതു ലംഘിച്ചെന്നാരോപിച്ചായിരുന്നു പ്രിൻസിപ്പൽ റീത്ത റാണിംഗയുടെ നിർദേശപ്രകാരം പരിശോധന.