ന്യൂദല്‍ഹി- സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ സ്‌പെക്ട്രം ലൈസന്‍സ് ഫീസുള്‍പ്പെടെ ടെലികോം കമ്പനികള്‍ ഒടുക്കാനുള്ള 1.47 ലക്ഷം കോടി അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശികയിലേക്ക് പണമടച്ച് വോഡാഫോണ്‍ ഐഡിയ, ടാറ്റ സര്‍വീസസ് എന്നീ കമ്പനികളും. ഭാരതി എയര്‍ടെല്‍ 10,000 കോടി അടച്ചതിന് പിന്നാലെയാണ് ഇരു കമ്പനികള്‍ കൂടി കുടിശ്ശികയുടെ ഒരു പങ്ക് ഒടുക്കിയത്.
വോഡഫോണ്‍ ഐഡിയ 2500 കോടിയും, ടാറ്റ സര്‍വീസസ് 2197 കോടി രൂപയുമാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് നല്‍കിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 53000 കോടി കുടിശ്ശികയുള്ള വോഡഫോണ്‍ ഐഡിയ വളരെ ചുരുങ്ങിയ തുകമാത്രമാണ് നല്‍കിയതെന്നതും ശ്രദ്ധേയമാണ്. 35,586 കോടി രൂപ കുടിശ്ശികയിലേക്കാണ് എയര്‍ടെല്‍ 10,000 കോടി നല്‍കിയത്.
ബാക്കിവരുന്ന തുക അടക്കാനുള്ള നടപടികള്‍ പരിശോധിച്ച് വരികയാണെന്നും ഈ ആഴ്ചാവസാനത്തിനുമുമ്പ് 1,000 കോടി രൂപ കൂടി നല്‍കുമെന്നും കമ്പനി അറിയിച്ചു. 24,729 കോടി രൂപ സ്‌പെക്ട്രം കുടിശ്ശികയും 28,309 കോടി രൂപ ലൈസന്‍സ് ഫീസിനത്തിലുമാണ് വോഡാഫോണ്‍ ഐഡിയ നല്‍കാനുള്ളത്.
കുടിശ്ശികയില്‍ ബാക്കിയുള്ള തുക മാര്‍ച്ച് 17 ന് മുമ്പ് നല്‍കാമെന്നു എയര്‍ടെല്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ 22 സര്‍ക്കിളില്‍ നിന്നുമുള്ള കുടിശിക കണക്കാക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം. തങ്ങള്‍ കണക്കെടുപ്പ് നടത്തിവരികയാണെന്നും അത് പൂര്‍ത്തിയായതിന് ശേഷം സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കുന്നതിന് മുമ്പായി ബാക്കി തുക നല്‍കുമെന്നും ഭാരതി എയര്‍ടെല്‍ പറഞ്ഞു. ബാക്കി തുക നല്‍കുമ്പോള്‍ ബന്ധപ്പെട്ട രേഖകള്‍ ഒപ്പം സമര്‍പ്പിക്കുമെന്നും എയര്‍ടെല്‍ വ്യക്തമാക്കുന്നു.