ബെയ്ജിംഗ്-വുഹാന്‍ മത്സ്യമാര്‍ക്കറ്റില്‍ നിന്നും 300 അടി അകലെയുള്ള ചൈനീസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് അപകടകാരിയായ കൊറോണാവൈറസ് പുറത്തിറങ്ങിയതെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. ബീജിംഗ് ഫണ്ട് നല്‍കുന്ന സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തുന്നത്. ഹുബെയ് പ്രവിശ്യയില്‍ രോഗം വിതച്ചത് വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലാബില്‍ രോഗം ബാധിച്ച മൃഗങ്ങളെ സൂക്ഷിച്ചിരുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ 605 വവ്വാലുകളും ഉള്‍പ്പെടുന്നു. കൊറോണാ വൈറസ് ബാധിച്ച വവ്വാല്‍ ഒരു ശാസ്ത്രജ്ഞനെ അക്രമിച്ച സംഭവവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചു. രോഗികളില്‍ നിന്നും കണ്ടെത്തിയ രോഗത്തിന്റെ ജനിതക ഘടന ഒരു വിഭാഗത്തില്‍ പെട്ട വവ്വാലുകളിലെ കൊറോണാ വൈറസുമായി ബന്ധം പുലര്‍ത്തുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
അതേസമയം വുഹാനില്‍ നിന്നും 600 മൈല്‍ അകലെയാണ് പ്രദേശത്തെ വവ്വാലുകളുടെ വാസം. കൂടാതെ പ്രദേശവാസികള്‍ വവ്വാലുകളെ ഭക്ഷിക്കുന്ന പതിവില്ല. വവ്വാലുകളെ ഭക്ഷിച്ചതിലൂടെയല്ല രോഗം പടര്‍ന്നതെന്ന് വ്യക്തമാകുന്നതോടെയാണ് ഗവേഷകര്‍ വൈറസിന്റെ ഉറവിടമായ സര്‍ക്കാര്‍ ലാബിലേക്ക് വിരല്‍ ചൂണ്ടുന്നത്.
രോഗം ആദ്യഘട്ടത്തില്‍ ബാധിച്ച ഡോക്ടര്‍മാരുടെ സംഘം ഈ ലാബിന് തൊട്ടടുത്തുള്ള യൂണിയന്‍ ഹോസ്പിറ്റലിലാണ് സേവനം നല്‍കിവന്നിരുന്നത്. ഇതോടെ നൂറുകണക്കിന് പേരുടെ മരണത്തിലും, ആഗോള ആരോഗ്യ അടിയന്തരാവസ്ഥയിലേക്കും നയിച്ച കൊറോണാ വൈറസ് സര്‍ക്കാര്‍ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണമെന്ന് ഗവേഷകര്‍ പറയുന്നു.