തോക്കുകളൊന്നും നഷ്ടമായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു

തിരുവനന്തപുരം- എസ്.എ.പി ക്യാമ്പിലെ റൈഫിള്‍ ശേഖരത്തില്‍നിന്നു കാണാതായെന്ന് സി.എ.ജി പറഞ്ഞ 25 തോക്കുകളും സേനയില്‍ തന്നെ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നേരിട്ട് നടത്തിയ പരിശോധനയിലാണ് മുഴുവന്‍ തോക്കുകളും ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ആകെയുള്ള 660 തോക്കുകളില്‍ 647 എണ്ണവും നേരിട്ടുകണ്ട് പരിശോധിച്ചെന്നും 13 തോക്കുകള്‍ ഇന്ത്യ റിസര്‍വ് പോലീസ് ബറ്റാലിയനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മണിപ്പൂരില്‍ ഡ്യൂട്ടിക്ക് കൊണ്ടുപോയതാണെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിയിച്ചു.
മണിപ്പൂരിലുള്ളവരുമായി വീഡിയോ കോള്‍ മുഖേന സംസാരിക്കുകയും അവരുടെ കൈവശമുള്ള തോക്കുകളുടെ ബോഡി നമ്പറും മറ്റും പരിശോധിച്ച് സത്യാവസ്ഥ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ 11  മണിയോടെ തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ തച്ചങ്കരിയുടെയും അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ.്പി അനില്‍ കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. നേരത്തെ നല്‍കിയ നിര്‍ദ്ദേശപ്രകാരം മുഴുവന്‍ തോക്കുകളും ഹാജരാക്കിയിരുന്നു.

 

Latest News